വി.എസ് എന്ന രണ്ടക്ഷരം പലര്‍ക്കും രണ്ടക്ഷരം മാത്രമാകാം. പക്ഷെ ഈ രണ്ടക്ഷരത്തോട് പലര്‍ക്കുമുള്ള വൈകാരികതയും അടുപ്പവും വിശ്വാസവും ചെറുതല്ല. മുന്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ ദിനംപ്രതി വീക്ഷിക്കുകയാണ് കേരളക്കരയാകെ. ഇപ്പോഴിതാ വി.എസിന്‍ ആരോഗ്യനിലയില്‍ പുരോഗതി എന്ന പ്രതീക്ഷയുമായി കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സന്തതസഹചാരിയും മുന്‍ പഴ്സണല്‍ അസിസ്റ്റന്‍റുമായ എ.സുരേഷ്. പൂര്‍വാധികം ശക്തിയോടെ വി.എസ് മടങ്ങിവരുന്നതും കാത്ത് എസ്.യു.ടി ആശുപത്രിയ്ക്ക് മുന്നില്‍ കാത്തിരിക്കുകയാണ് സുരേഷ്.
വി.എസിന്‍റെ ആശുപത്രി വാസവും മരിച്ചെന്ന് കരുതിയ അവസരത്തില്‍ നിന്നും വി.എസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പും അനുഭവങ്ങളും പങ്കുവച്ചാണ് എ.സുരേഷിന്‍റെ പോസ്റ്റ്. വി.എസിന് യന്ത്രസഹായമില്ലാതെ ശ്വസിക്കാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസവും സുരേഷ് പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇല്ല വിട്ടു പോകില്ല... കേരളത്തിന്റെ കാവലാൾ..
ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു
സ വി എസ്....
പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..
പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു..
ചത്തെന്നു കരുതി എന്നെ പോലീസ് ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പോലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽ പ്പെടുത്തിയതും കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പോലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും.
ഡോക്ടർമാർ പോലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചതും ഓക്കേ വി എസ് പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു പോരാളിയുടെ പുനർ ജന്മ ത്തിന്റെ കനലാണ്..
ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വി എസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്..
അര മണിക്കൂറിലേറെ സി പി ആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്...
അതാണ് യഥാർത്ഥ പോരാളിയുടെ ചങ്കുറപ്പ്..
കാരിരുമ്പിന്റെ ചങ്ക്..
ഒറ്റ ചങ്ക്...
ഇപ്പോഴും എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷിയോടെ കാത്തിരിക്കുന്നു..
സഖാവിന്റെ തിരിച്ചു വരവിനായി..
അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതി എന്നെ പോലെ പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..
മണ്ണിനും മനുഷ്യനും കാവലായി...
അദ്ദേഹം ഇവിടെ ഉണ്ടാവണം..
ആശുപത്രിയിൽ എത്തുന്ന ആളുകൾ പല തരമാണ് ചിലർ ബോധ്യപ്പെടുത്തുന്നു..
മറ്റു ചിലർ ആത്മാർത്ഥമായി വേദനിക്കുന്നു...
അങ്ങനെ പല വിധ മനുഷ്യരെ കാണുന്നു..
ഈ പന്ത്രാണ്ടം നാളിലും എനിക്ക് ഒരു ചിന്ത മാത്രം വർഷങ്ങൾ
വി എസ്സിനൊപ്പം ഒരേ മുറിയിൽ ഉറങ്ങിയത് പോലെ എനിക്ക് ഒരു രാത്രിയെങ്കിലും ഒന്നുറങ്ങണം...
അദ്ദേഹത്തിന്റെ കൂടെ...
അദ്ദേഹം ഇടയ്ക്കിടെ ഉണരുമ്പോൾ കൂടെ ഉണരാൻ..
അത് സാധ്യമാവും എന്ന പ്രതീക്ഷയോടെ...