സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടറായ റവാഡ ചന്ദ്രശേഖര്‍ വരാന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ജൂണ്‍ 30ന് ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.

Also Read: റവാഡ ചന്ദ്രശേഖര്‍ പുതിയ ഡിജിപി? കേരളത്തിലെത്താന്‍ നിര്‍ദേശമെന്ന് സൂചന

റവാഡ പൊലീസ് മേധാവിയായാല്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടാകുന്നവരില്‍ ഒരാളാണ് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍. സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും പ്രിയപ്പെട്ടവനെന്ന് കരുതപ്പെടുന്ന അജിത്കുമാറിനെ പൊലീസ് മേധാവിയാക്കാന്‍ പലവിധ നീക്കങ്ങള്‍ നടന്നിരുന്നു. എ.ഡി.ജി.പി റാങ്കുള്ളവരെ പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അവസാനനിമിഷവും സര്‍ക്കാര്‍ കത്തെഴുതി. പക്ഷെ ആ കത്ത് യു.പി.എസ്.സി യോഗം പരിഗണിക്കുക പോലും ചെയ്യാതിരുന്നതോടെ പൊലീസ് മേധാവിയാകാനുള്ള അജിത്കുമാറിന്‍റെ മോഹം പൊലിഞ്ഞു. 

ഇതിന് പിന്നാലെ റവാഡ ചന്ദ്രശേഖര്‍ വഴി അജിത്കുമാറിന് മറ്റൊരു തിരിച്ചടി കൂടി വരുന്നുണ്ട്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോളുണ്ടാകുന്ന ഒഴിവില്‍ അജിത്കുമാറിനെ ഡി.ജി.പി പദവി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ഡിസംബറില്‍ തന്നെ മന്ത്രിസഭായോഗം ഈ തീരുമാനം എടുത്തിരുന്നു. എന്നാല്‍ റവാഡ പൊലീസ് മേധാവിയായാല്‍ അത് നടക്കില്ല. 

സംസ്ഥാനത്ത് നാല് പേര്‍ക്ക് മാത്രമെ ഡി.ജി.പി പദവി നല്‍കാനാകൂ. നിലവില്‍ നിതിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം എന്നിവര്‍ക്ക് പദവിയുണ്ട്. ഷെയ്ക് ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോളുണ്ടാകുന്ന നാലാമത്തെ പദവിയിലാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ റവാഡ വരുന്നതോടെ അദേഹത്തിന് ഡി.ജി.പി പദവി നല്‍കണം. അതുകൊണ്ട് അജിത്കുമാര്‍ എ.ഡി.ജി.പിയായി തന്നെ തുടരേണ്ടിവരും. അങ്ങിനെ റവാഡ പൊലീസ് മേധാവിയാകുന്നതോടെ അജിത്കുമാറിന് പൊലീസ് മേധാവി സ്ഥാനം മാത്രമല്ല, ഡി.ജി.പി പദവിയും നഷ്ടം.

സംസ്ഥാനത്ത് ദര്‍വേഷ് സാഹിബ് കഴിഞ്ഞാല്‍ വിരമിക്കുന്ന ഡി.ജി.പി നിതിന്‍ അഗര്‍വാളായിരിക്കും. 2026 ഓഗസ്റ്റിലാണ്. അന്ന് മാത്രമാണ് വീണ്ടും ഡി.ജി.പി പദവി ഒഴിവ് വരുന്നത്. അതിനാല്‍ അജിത്കുമാറിന് ഡി.ജി.പി സ്ഥാനക്കയറ്റത്തിന് 2026 ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരും. അതിനിടയില്‍ ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് കേരളത്തിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്. അങ്ങിനെ വന്നാല്‍ 2026 ഓഗസ്റ്റില്‍ വരുന്ന സ്ഥാനക്കയറ്റം അദേഹത്തിന് നല്‍കേണ്ടിവരും. അതോടെ അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റം വീണ്ടും നീളും. അതല്ലങ്കില്‍ കേരളത്തിലുള്ള ഡി.ജി.പിമാരില്‍ ആരെങ്കിലും കേന്ദ്രത്തിലേക്ക് മടങ്ങണം, അപ്പോഴുണ്ടാകുന്ന ഒഴിവില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ പൊലീസ് തലപ്പത്തെ മാറ്റം തിരിച്ചടിയായിരിക്കുന്നത് അജിത്കുമാറിന്‍റെ കരിയറിനാണ്.

ENGLISH SUMMARY:

Ajith Kumar will suffer double losses if Rawada comes