റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായേക്കും. കേന്ദ്ര സർവീസിലുള്ള അദ്ദേഹത്തെ സംസ്ഥാനം വിവരം ധരിപ്പിച്ചതായാണ് സൂചന. എന്നാല്‍ റവാഡയുടെ നിയമനത്തിനെതിരെ സിപിഎമ്മില്‍ നിന്ന് രാഷ്ട്രീയ എതിർപ്പുയർന്നാൽ മാത്രം നിതിൻ അഗർവാളിനെ പരിഗണിക്കും. അന്തിമ തീരുമാനം നാളത്തെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അറിയിക്കും.
നിലവില്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷൽ ഡയറക്ടറായ അദ്ദേഹത്തോട് നാളെ കേരളത്തിലെത്താനുള്ള അനൗദ്യോഗിക നിർദേശം നൽകിയതായാണ് സൂചന. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ റവാഡ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ നേരിൽക്കണ്ടിരുന്നു. നിലവിലെ മേധാവി ദർവേഷ് സാഹിബ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ പ്രമുഖർ അദ്ദേഹത്തെ പിന്തുണച്ചതും അനുകൂലമായി.
പ്രതീക്ഷിക്കുന്നത് പോലെ സംഭവിച്ചാല്‍ സംസ്ഥാനത്തിന്‍റെ സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തി കേരളത്തിന്‍റെ പൊലീസ് മേധാവിയാകുന്നയാളാവും റവാഡ. എന്നാൽ സി പി എം പ്രവർത്തകരുടെ ജീവനെടുത്ത കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെന്ന ചരിത്രം തിരിച്ചടിയായും കിടപ്പുണ്ട്. ഈ രാഷ്ട്രീയ കാരണത്താല്‍ എതിർപ്പുയർന്നാൽ മാത്രമെ മറ്റൊരു ആലോചനയിലേക്ക് കടക്കുകയുള്ളൂ. പിന്നീട് യു പി എസ് സി പട്ടികയിലെ സീനിയറായ നിതിന്‍ അഗര്‍വാളിനും പട്ടികയ്ക്ക് പുറത്ത് ഒരാളെ തീരുമാനിച്ചാൽ മനോജ് എബ്രാഹിമിനുമാണ് സാധ്യത. സി പി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനുമായി ആശയവിനിമയം നടത്തിയ ശേഷം നാളെ ഓണ്‍ലൈനായി ചേരുന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും.
കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനിച്ച് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, പൊലീസ് മേധാവി പദവിയിലെ അവസാന പൊതുപരിപാടിയും പൂര്‍ത്തിയാക്കി. 2023 ജൂലായ് 1ന് തുടങ്ങിയ കേരള പൊലീസിനെ നയിച്ചുകൊണ്ടുള്ള യാത്ര നാളെ വൈകിട്ടോടെ പൂര്‍ത്തിയാകും. പുതിയ മേധാവിക്ക് അധികാരം കൈമാറി പടിയിറങ്ങും.