എം സ്വരാജിന്‍റെ നിലപാടുകളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. സ്വരാജ് നല്ല പാർട്ടിക്കാരനാണ് പക്ഷേ നല്ലൊരു പൊതുപ്രവർത്തകൻ അല്ലെന്നും കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ നടത്തിയ സമരങ്ങളിലൊന്നും സ്വരാജ് നിലപാട് എടുത്തിട്ടില്ലെന്നും ജോയ് മാത്യു തുറന്നടിച്ചു. കോഴിക്കോട് ഡിസിസിയില്‍ സികെ ഗോവിന്ദന്‍ നായര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
സ്വരാജ് നല്ല മനുഷ്യനാണ് അക്കാര്യത്തിൽ സംശയം ഒന്നുമില്ല. നന്നായി പ്രസംഗിക്കും പുസ്തകം വായിക്കും. നല്ല പാർട്ടിക്കാരനാണ് പക്ഷേ നല്ലൊരു പൊതുപ്രവർത്തകൻ അല്ല. പൊതുപ്രവര്‍ത്തനത്തിനിടെ എപ്പോഴാണ് സ്വരാജ് നിലപാട് എടുത്തിട്ടുള്ളത്. 48 വാഹനങ്ങളുടെ അകമ്പടിയിൽ പോകുന്ന രാജാവിനെ ഏതെങ്കിലും രീതിയിൽ വിമർശിച്ചിട്ടുണ്ടോ. ഭൂസമരങ്ങൾ, ആദിവാസി സമരങ്ങൾ, ആശാവർക്കർമാരുടെ സമരങ്ങൾ, നഴ്സുമാരുടെ സമരങ്ങൾ ഇതെല്ലാ നടന്നപ്പോള്‍ സ്വരാജ് എവിടെയായിരുന്നു? സ്വരാജിന്റെ നിലപാട് എന്തായിരുന്നു?. പാർട്ടി പറയുന്നത് കേട്ട് ജീവിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ് സ്വരാജ്. അദ്ദേഹവുമായുള്ള സൗഹൃദം വേറെ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം വേറെ .ജനകീയ വിഷയങ്ങളില്‍ പ്രതികരിക്കാത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയും ജോയ് മാത്യു തുറന്നടിച്ചു.
ഞങ്ങൾ സാംസ്കാരിക പ്രവർത്തകരാണ് എന്ന് പറഞ്ഞു പോകുമ്പോൾ എന്താണ് സംസ്കാരം, എന്താണ് സാംസ്കാരിക പ്രവർത്തനം എന്നൊക്കെ മനസ്സിലാക്കിയിരിക്കണം. ഒരു സിനിമ എഴുതിയതുകൊണ്ടോ പുസ്തകം എഴുതിയതുകൊണ്ടോ അയാൾ സാംസ്കാരിക പ്രവർത്തകൻ ആകുന്നില്ല. ആദിവാസികളും ആശാവർക്കർമാരും സമരം ചെയ്യുമ്പോൾ അത് കണ്ടില്ലെന്ന് നടക്കുന്ന, ഷോക്കേറ്റ് ബാലൻ മരിക്കുമ്പോൾ അതിനെ രാഷ്ട്രീയമായി മുതലെടുക്കാൻ നോക്കുന്ന, ഒരു വിദ്യാർത്ഥിയെ റാഗിംഗ് നടത്തി കെട്ടിത്തൂക്കി കൊന്നപ്പോൾ പ്രതികരിക്കാൻ പറ്റാത്ത അവർ സാംസ്കാരിക പ്രവർത്തകരാണെന്ന് വിചാരിക്കാനാകില്ല . വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെട്ടാൽ മാത്രമേ സാംസ്കാരിക പ്രവർത്തകർ എന്ന് പറയാനാകൂ. അല്ലാത്തവര്‍ വെറും കൂലി എഴുത്തുകാരാണെന്നും ജോയ് മാത്യു വിമര്‍ശിച്ചു.