പയ്യന്നൂരില്‍ സിപിഎമ്മിനെതിരെ ഫണ്ട് തിരിമറി ആരോപണം ഉയര്‍ത്തിയ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണനെ കടന്നാക്രമിച്ച് സിപിഎം നേതാക്കള്‍. പാര്‍ട്ടി വിരുദ്ധ നടപടി വച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. കുഞ്ഞികൃഷ്ണന്‍ താനൊഴിച്ച് ബാക്കിയെല്ലാവരും കള്ളന്മാരാണെന്ന് പറയുന്നുവെന്ന് മുന്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പരിഹസിച്ചു. പാര്‍ട്ടി നേതൃത്വം പൂര്‍ണമായും തള്ളിപ്പറഞ്ഞതോടെ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉറപ്പായി
ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലായി ഒരുകോടി രൂപയുടെ ക്രമക്കേടാണ് വി കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ മാത്രം പറഞ്ഞവയായിരുന്നു ഇത്. കുഞ്ഞികൃഷ്ണന്‍റെ ആരോപണങ്ങള്‍ പൂര്‍ണമായും വസ്തുതാവിരുദ്ധമെന്നാണ് സിപിഎം നിലപാട്. ആരും പണം അപഹരിച്ചിട്ടില്ല. കണക്ക് വെയ്ക്കുന്നതില്‍ മാത്രമാണ് വീഴ്ചയുണ്ടായതെന്നും പലകുറി പാര്‍ട്ടി പരിശോധിച്ചാണ് ഫണ്ട് തട്ടിപ്പില്ലെന്ന് പാര്‍ട്ടി കണ്ടെത്തിയതെന്നും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി ജയരാജന്‍ പറഞ്ഞു.
കുഞ്ഞികൃഷ്ണനെ ഒറ്റപ്പെടുത്താനാണ് സിപിഎം നീക്കമെന്ന് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഘടനാ നടപടിയുണ്ടാകുമെന്നാണ് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്‍റെ വാക്കുകളും സൂചിപ്പിക്കുന്നത്. ജില്ലാ കമ്മിറ്റിയില്‍ താന്‍ തെറ്റ് സമ്മതിച്ചിരുന്നുവെന്ന പാര്‍ട്ടി വിശദീകരണത്തെ തള്ളുകയാണ് കുഞ്ഞികൃഷ്ണന്‍. തന്‍റെ കൈയ്യില്‍ തെളിവില്ലാത്തത് കൊണ്ട് പാര്‍ട്ടി കണ്ടെത്തലിനോട് വിയോജിക്കുന്നില്ല എന്നാണ് പറഞ്ഞതെന്നും തെറ്റ് സമ്മതിച്ചാതായി എവിടെയും പറഞ്ഞിട്ടില്ലെന്നുമാണ് മറുപടി.
അതേസമയം, കുഞ്ഞിക്കൃഷ്ണന്‍റെ തുറന്നുപറച്ചില്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഭരണത്തിന്റെ തണലിലുള്ള വന്‍ അഴിമതിയാണ്. കേസെടുത്ത് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയും അറിഞ്ഞുള്ള തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയഫണ്ടും പാര്‍ട്ടി ഫണ്ടും തട്ടുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പരാതി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കാനാണ് ശ്രമം. പൊലീസിനെ അറിയിക്കാത്തത് ഗുരുതര വീഴ്ചയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.