തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്‍റി 20 ചെയര്‍മാന്‍ സാബു എം. ജേക്കബ്ബും ചേര്‍ന്ന് തീരുമാനം പ്രഖ്യാപിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ട്വന്‍റി 20  ഔദ്യോഗികമായി എന്‍.ഡി.എയുടെ ഭാഗമാകും. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണെന്ന് സാബു.

എന്നാല്‍ ഒരു ചര്‍ച്ച പോലും നടത്താതെ സാര്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് പ്രാദേശിക നേതാക്കൾ.  എന്തായാലും എറണാകുളത്തെ രാഷ്ട്രീയം ആകെ കലങ്ങി മറിഞ്ഞു. നാല് പഞ്ചായത്തുകളാണ് നിലവില്‍ ട്വന്റി ട്വന്റി ഭരിക്കുന്നത്. ഈ പഞ്ചായത്തുകളുടെ ഭരണം ഇതോടെ എന്‍.ഡി.എയുടെ കയ്യിലായി.

വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ പിന്തുണച്ച രണ്ട് ട്വന്‍റി – ട്വന്‍റി അംഗങ്ങള്‍ ഒപ്പം തുടരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ട്വന്റി ട്വന്റി – എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുമ്പോ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ഈ മാറ്റം ട്വന്റി ട്വന്റി അണികള്‍ അംഗീകരിക്കുമോ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടിടത്ത് മത്സരിച്ച ട്വന്‍റി –ട്വന്‍റി ആറിടത്ത് മൂന്നാമതെത്തി.

ബിജെപി വോട്ട് കൂടി ചേരുമ്പോ ഈ മണ്ഡ‍ലങ്ങളുടെ രാഷ്ട്രീയസ്വഭാവത്തെ സ്വാധീനിക്കുമോ?. എറണാകുളത്തെ  ഇടത് വലത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുമോ ട്വന്റി ട്വന്റിയുടെ പുതിയ നീക്കം?. ആര്‍ക്കാണ് രാഷ്ട്രീയലാഭം?

ENGLISH SUMMARY:

Twenty20 joins NDA in Kerala, significantly altering the political landscape of Ernakulam. This alliance raises questions about its impact on upcoming elections and the potential shift in voter dynamics in the region.