അധ്യാപന ജോലി ഉപേക്ഷിച്ച് ഇഡ്ഡലി കട തുടങ്ങിയ തൃശൂർ പഴയന്നൂർക്കാരിയായ രേവതി. മലയാളത്തിൽ ഗവേഷണം ചെയ്യുന്നതിന് വേണ്ടിയാണ് തൽക്കാലം ജോലി ഉപേക്ഷിച്ചത്. വരുമാനത്തിനു വേണ്ടി വെറൈറ്റി ഇഡ്ഡലികൾ വിൽക്കുന്ന സംരംഭമാണ് തുടങ്ങിയിരിക്കുന്നത്. രേവതി ടീച്ചറിന്റെ ഇഡ്ഡലി കടയിലേക്ക്...
ഇതാണ് ഫ്രഷ് മൂൺ ഇഡ്ഡലി കട. പലതരത്തിലുള്ള വെറൈറ്റി ഇഡ്ഡലികൾ പല രൂപത്തിലും രുചിയിലും രേവതിടീച്ചറുടെ തട്ടു കടയിൽ ലഭിക്കും തട്ട് ഇഡ്ഡലി, പൊടി ഇഡ്ഡലി, ചിക്കൻ ഇഡ്ഡലി, സോയാ ഇഡ്ഡലി അങ്ങനെ മൊത്തത്തിൽ ഒരു ഇഡ്ഡലി മയമാണിവിടെ. പിള്ളേരെ പാഠം പറഞ്ഞു പഠിപ്പിച്ചിരുന്നതുപോലെ ടീച്ചർ നാട്ടുകാരെയും ഇഡ്ഡലി തിന്നാൻ പഠിപ്പിക്കുന്നു.
പഠനത്തിൽ കേമിയായിരുന്ന രേവതി അധ്യാപികയായി ജോലി ചെയ്തിരുന്നു. അതിനിടയിൽ വിവാഹവും കഴിച്ചു. തുടർന്ന് പഠിക്കണമെന്ന ആഗ്രഹമാണ് ഈ സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചത്. അമ്മയും അച്ഛനും അനുജത്തിയും കൂടെ നിന്നതോടെ തട്ടുകട നന്നായി ഓടി തുടങ്ങി. തൃശൂർ മായന്നൂരിൽ രാത്രിയിൽ മാത്രം തുറന്നിരുന്ന ഈ തട്ടുകട ഇപ്പോൾ ഉച്ചയ്ക്ക് 12 മണി മുതൽ ഉണ്ടാകും. പഠനമുറി പിള്ളേരെ ഒത്തൊരുമിപ്പിക്കുന്നത് പോലെ, രേവതി ടീച്ചറുടെ ഇഡ്ഡലിക്കട ഇപ്പോൾ നാട്ടുകാരെയും ഒന്നിച്ചൊരിടത്ത് എത്തിക്കുന്നു.