സാമഹ്യ സുരക്ഷാ പെൻഷനുകൾ ആരംഭിച്ചതിന്റെയും, തുക വർധിപ്പിച്ചതിന്റെയും ക്രെഡിറ്റ് ആർക്കാണെന്ന മട്ടിൽ സമൂഹ മാധ്യമങ്ങളിലുൾപ്പടെ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം ചർച്ചകളിലൊന്നും ഇടംപിടിക്കാത്ത ഒന്നാണ് രാജ കുടുംബാംഗങ്ങൾക്കുള്ള പെൻഷൻ.
സംസ്ഥാനത്തെ രാജകുടുംബങ്ങളിലെ 817 പേർക്കാണ് മാസംതോറും 3,000 രൂപ വീതം സർക്കാർ പെൻഷനായി നൽകുന്നത്. പൊതുഭരണ വകുപ്പ് കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
മുൻ നാട്ടുരാജാക്കന്മാരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാർ പെൻഷനാണിത്. 1957 മുതൽ എക്സ് റൂളേഴ്സ് ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷൻ നൽകുന്നുണ്ട്. ആദ്യം ഇത് 7.80 രൂപയായിരുന്നു. തിരുവിതാംകൂർ - കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനം നക്കുന്നതിന് മുമ്പേ സർക്കാരിലേക്ക് രാജകുടുംബങ്ങളിൽ നിന്ന് മുതൽക്കൂട്ടിയ സ്വത്തിന് പകരമായാണ് പെൻഷൻ നൽകിവരുന്നത്.
1949 ജൂലായ് മുതൽ ഇത് കൈപ്പറ്റിവന്ന കുടുംബങ്ങൾക്ക് 1957 മുതൽ എക്സ് റൂളേഴ്സ് ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷൻ എന്ന പേരിൽ ഇത് നൽകി വരുന്നുണ്ട്. ഈ പെൻഷൻ 3,000 രൂപയാക്കിയത് 2011ലാണ്. ഇതിൽ വാർഷിക മസ്റ്ററിംഗ് കൃത്യമായി നടത്താത്ത 74 പേരുടെ പെൻഷൻ നിറുത്തിവച്ചിട്ടുമുണ്ട്.