Untitled design - 1

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ ബാലുശേരിയിലെ പെന്‍ഷന്‍ കൈമാറല്‍ വിഡിയോയിൽ പരിഹാസവുമായി ജോയ് മാത്യു. 

സംഗീത നാടക അക്കാദമിയും സ്‌കൂൾ ഓഫ് ഡ്രാമ പോലുള്ള സർക്കാർ സ്ഥാപനങ്ങളും ഉള്ളപ്പോൾ അതിൽ നിന്നും പഠിച്ചിറങ്ങിയ ഏതെങ്കിലും പാർട്ടി അടിമകളായ നാടകക്കാരെവെച്ചു സംവിധാനം ചെയ്തിരുന്നെങ്കിൽ ബാലുശേരിയിലെ പെൻഷൻ നാടകം കുറച്ചുകൂടി നന്നായേനെയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

'ചിലപ്പോൾ അന്തർ ദേശീയ നാടകോത്സവങ്ങളിൽ ബഹുമതിക്കാൻ വരെ സാധ്യതയുണ്ടായിരുന്നു.നാടകം അറിയാത്ത ഏതോ പിആർ അടിമ സംവിധാനിച്ചതാവാനാണ് വഴി.  ഒന്നാമത് സ്ക്രിപ്റ്റ് ഒട്ടും നാടകീയത ഇല്ലാത്തതായിപ്പോയി. പെൻഷൻ കിട്ടിയ വയസ്സൻ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ നിന്നും അരങ്ങിലേക്ക് വേച്ച് വേച്ചു വരണമായിരുന്നു. കൈപിടിച്ചു നടത്താൻ കൊച്ചുമക്കൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പുതു തലമുറയുടെ ഒരു സിംബോളിക് എഫക്റ്റ് കിട്ടുമായിരുന്നു. വയസ്സൻ കഥാപാത്രത്തിന്റെ ആഹാര്യം (വേഷവിധാനം) ശരിയായില്ല.

ഷർട്ടിടാതെ തലയിൽ ഒരു പാളതൊപ്പി ഘടിപ്പിക്കേണ്ടിയിരുന്നു. കയ്യിൽ വാച്ച് പാടില്ലായിരുന്നു. ഡബിൾ മുണ്ടിന് പകരം മുഷിഞ്ഞ തോർത്തു മുണ്ടായിരുന്നെങ്കിൽ കസറിയേനെ.

അഭിനയം: ഗോവിന്ദൻ മാഷ് ഒഴിച്ചു സഹനടന്മാർ ആരും നന്നായില്ല. വയസ്സൻ കഥാപാത്രമാകട്ടെ പഠിച്ച ഡയലോഗ് മറന്നു. പ്രോംപ്റ്റർ ഉള്ളത് കൊണ്ട് ഒരുവിധം രക്ഷപ്പെട്ടു. നാടകത്തിന്റെ അന്ത്യരംഗം കുറച്ചുകൂടി ഉജ്ജ്വലമാക്കാമായിരുന്നു (വയസ്സൻ കഥാപാത്രത്തിനു സൈഡ്‌ കർട്ടന്റെ മറവിൽകൂടി ഒരു ചുവന്ന കൊടി കൊടുക്കുകയും അയാൾ പാടുപെട്ട് അത് പൊക്കി "ഇനി ഞാനും നിങ്ങളെ പാർട്ടിയിലാ " എന്ന് പറയുമ്പോൾ 

കൂടെയുള്ള കൊച്ചുകൂട്ടി "ഞാനുമുണ്ട് അപ്പൂപ്പാ " എന്ന് പറഞ്ഞു കൊടിയുടെ വടി തൊടുമ്പോൾ "ഉണരുവിന് സഖാക്കളെ "എന്നോ മറ്റോ ഉള്ള ഒരടിപൊളി ബി ജി എം കൂടെ വേണ്ടിയിരുന്നു.

കർട്ടൻ വീഴുന്നതിനു മുൻപ് രംഗത്തുള്ള എല്ലാവരും വയസ്സൻ പിടിച്ചു പൊക്കിയ കൊടിയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോസിൽ ഫ്രീസ്ചെയ്യണം (ശ്രദ്ധിക്കേണ്ട കാര്യം താൻ കൊടുത്ത് കാശ് ഗോവിന്ദൻ മാഷ് തിരിച്ചു തന്നത് എണ്ണി നോക്കിയില്ലല്ലോ എന്ന ആകുല ഭാവം പ്രധാന കഥാപാത്രത്തിന്റെ മുഖത്ത് വരാൻ പാടില്ല ). 

നിസ്സാരമായ ഈ പിഴവുകൾ ഉണ്ടെങ്കിലും സ്വാഭാവികാഭിനയത്തിനുള്ള ഒരു സ്‌പെഷ്യൽ അവാർഡിന് ശുദ്ധഹൃദയനായ ഗോവിന്ദൻ മാഷ് അർഹനാണ്. നാടകങ്ങൾ ഇനിയും വേണം. നാടകമാണല്ലോ നാടിൻ്റെ അകം. നാടകങ്ങളിലൂടെ വളർന്ന പാർട്ടിയാണല്ലോ നമ്മുടെ പാർട്ടി എന്ന ബോധം പാർട്ടി നാടകക്കാർക്ക് മിനിമം ഉണ്ടായിരിക്കുകയും വേണം!'. –  ജോയ് മാത്യു ട്രോളുന്നു. 

കഴിഞ്ഞ തിങ്കളാഴ്ചത്തെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരിയുടെ കൊടുങ്കാറ്റ് തീര്‍ക്കുന്നത്. സി.പി.എം. സംസ്ഥാനസെക്രട്ടറി നയിക്കുന്ന ജാഥ കോഴിക്കോട് ബാലുശേരി മണ്ഡലത്തില്‍. സ്വീകരണം കഴിഞ്ഞ് സ്റ്റേജിലേക്ക് ഒരു മനുഷ്യന്‍ കയറിവന്നു. മൊയ്തീന്‍ എന്നാണ് പേര്. പോക്കറ്റില്‍ നിന്ന് രണ്ടായിരം രൂപയെടുത്ത് എം.വി.ഗോവിന്ദന്‍റെ കയ്യില്‍ വച്ചു. സര്‍ക്കാരില്‍ നിന്ന് കിട്ടിയ പെന്‍ഷനായിരുന്നു ആ പണം. തുടര്‍ന്ന് മൊയ്തീന്‍ക്ക സര്‍ക്കാരിനെ പുകഴ്ത്തുകയാണ്. നിങ്ങള്‍ ഇനിയും വന്നാലേ ഞങ്ങള്‍ക്ക് പെന്‍ഷന്‍ കിട്ടൂ എന്നും പറയുന്നുണ്ട് മൊയ്തീന്‍ക്ക.

പാര്‍ട്ടി സെക്രട്ടറി മൊയ്തീന്‍ കൊടുത്ത പണം വാങ്ങി ഒന്നെണ്ണി നോക്കിയ ശേഷം ‘നിങ്ങള്‍ തന്നെ വച്ചോളൂ’ എന്നുപറഞ്ഞ് മൊയ്തീന് തിരികെ നല്‍കുന്നു. സംഭാവന സ്വീകരിച്ചതായി കരുതാമെന്നും പാര്‍ട്ടി സെക്രട്ടറി. വളരെ മനോഹരമായ ദൃശ്യം. പക്ഷേ അതിലും മനോഹരമായത് സ്റ്റേജില്‍ നിന്ന് ഇറങ്ങിവന്ന ശേഷമുള്ള മോയ്തീന്‍ക്കയുടെ നിഷ്ക്കളങ്കമായ പ്രതികരണമായിരുന്നു.‘ഞാന് സ്റ്റേജിമ്മേല്‍ കേറിയിട്ട് കളിച്ചതാ. നേതാക്കന്‍മാരെല്ലാം കൂടി പറഞ്ഞു, ഇങ്ങളീ പൈസ അയാളെര്യത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുംന്ന്. അതുപോലെ കൊടുത്തു, അയാള് തിരിച്ചും തന്നു’– സ്റ്റേജില്‍ നടന്നതെല്ലാം നേതാക്കള്‍ പറഞ്ഞിട്ടെന്ന് മൊയ്തീന്‍ക്ക അങ്ങ് തുറന്നുപറഞ്ഞു, ഇതെല്ലാം കേട്ടുനില്‍ക്കുന്നവര്‍ അടുത്ത പണിക്കുള്ള വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് പാവമറിഞ്ഞതുമില്ല. പോരേ പൂരം, പാര്‍ട്ടിയുടെ പിആര്‍ ഇത്രേം ശുദ്ധ ഗതിക്കാരനായ മനുഷ്യനെ ഏല്‍പ്പിക്കണമായിരുന്നോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി അനുഭാവികളടക്കം ചോദിക്കുന്നത്.

 

ENGLISH SUMMARY:

Joy Mathew mocks MV Govindan's pension handover video, criticizing the staged nature and lack of dramatic flair. He suggests improvements to make the act more convincing, even offering satirical suggestions for director and costumes.