സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായ യുവാവിന്‍റെ പെൻഷൻ, പിതാവിന്റെ തുച്ഛമായ പെൻഷൻ വരുമാനത്തിന്‍റെ പേരിൽ റദ്ദാക്കി. പത്തനംതിട്ട കടമ്പനാട് സ്വദേശി രാജീവാണ് സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായിരിക്കുന്നത്. അമ്മ കാൻസർ രോഗിയും പിതാവ് ശ്വാസകോശരോഗവും ഉള്ളയാളാണ്.
നാലു വർഷം മുമ്പാണ് രാജീവിന്‍റെ പെൻഷൻ മുടങ്ങിയത്. കാൻസർ ബാധിതയായ വത്സല കുമാരിക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രാജഗോപാലപിള്ളയ്ക്കും മകന്റെ സംരക്ഷണം വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ ആയിരുന്ന രാജഗോപാലിന്‍റെ തുഛമായ ശമ്പളത്തിലാണ് ജീവിതം. ഈ പെൻഷൻ ഉണ്ടെന്ന് പറഞ്ഞാണ് 42 വയസുകാരനായ രാജീവിന്‍റെ പെൻഷൻ റദാക്കിയത്.
രാജഗോപാലപിള്ള സർവീസിൽ നിന്ന് വിരമിച്ച ശേഷവും മകന് പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ 2022 വരെ പഞ്ചായത്ത് വഴി ലഭിച്ചിരുന്ന ആനുകൂല്യം വരുമാന സർട്ടിഫിക്കറ്റിലെ തുക ഉയർന്നതെന്ന കാരണത്താലാണ് നിഷേധിക്കപ്പെട്ടത്. സംസാരശേഷിയില്ലാത്തവരും 80 ശതമാനത്തിലേറെ ചലനശേഷി നഷ്ടപ്പെട്ടവരുമാണ് സെറിബ്രൽ പാൾസി ബാധിതർ എന്നിരിക്കെ, ജന്മനാ ലഭിക്കേണ്ട ഈ അവകാശം നിഷേധിക്കുന്നത് നീതികേടാണെന്ന് കുടുംബം പറയുന്നു. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന ഈ വയോധികരായ ദമ്പതികൾക്ക് മകന്റെ മരുന്നിനും വീട്ടുചെലവിനും പിതാവിന്റെ പെൻഷൻ തുക തികയുന്നില്ല. മകന് മുടങ്ങിയ പെൻഷൻ എത്രയും വേഗം പുനഃസ്ഥാപിച്ചു കിട്ടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.