ഒടിടിയില്‍ റിലീസായ കേരള ക്രൈംഫയല്‍സ് വെബ് സീരിസ് ഇതിനോടകം ഹിറ്റാണ്. പൊലീസ് കെന്നല്‍ സ്ക്വാഡിലുണ്ടാവുന്ന സംഭവ വികാസങ്ങളെ കേന്ദ്രീകരിച്ചാണ് വെബ് സീരിസ് പുരോഗമിക്കുന്നത്. വെബ് സീരിസില്‍ പറയുന്നതു പോലെ തന്നെ വലിയ ആത്മബന്ധമാവും പലപ്പോഴും പൊലീസുകാരും നായയും തമ്മിലുണ്ടാവുക. ഇത്തരത്തിലൊരു ആത്മബന്ധത്തിന്‍റെ കഥയാണ് കോഴിക്കോട് സിറ്റി പൊലീസ് കെന്നല്‍ സ്ക്വാഡിലെ പൊലീസുകാരായ സനലിനും മിഥുനിനും പറയാനുള്ളത്.
മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ജൂലിയറ്റ് എന്ന നായ മിഥുന്‍റെയും സനലിന്‍റെയും അടുത്തത് എത്തുന്നത്. എട്ടുമാസം ഹരിയാനയിലായിരുന്നു പരിശീലനം. രാവും പകലും സ്വന്തം കുഞ്ഞിനെയെന്നപ്പോലെയാണ് ഇരുവരും ജൂലിയറ്റിനെ നോക്കിയത്. ജൂലി എന്ന വിളിപ്പേരുള്ള ജൂലിയറ്റ് കേസ് അന്വേഷണത്തില്‍ പലപ്പോഴും നിര്‍ണായക തെളിവുകള്‍ കണ്ടെത്തുന്നതില്‍ മിടുക്കിയായിരുന്നു.
ഡോബര്‍മാന്‍ വിഭാഗത്തിലുള്ള ജൂലിയറ്റ് ട്രാക്കര്‍ ഇനത്തിലാണ് മികവുതെളിയിച്ചത്. ഒരുദിവസം ക്ഷീണിച്ച് കണ്ടതോടെയാണ് വെറ്റിനറി ഡോക്ടറെ കാണിക്കുന്നത്. പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. എല്ലാവിധ പരിലാളനകളുമായി മിഥുനും സനലും ഒപ്പം നിന്ന് പരിപാലിച്ചു.
പിന്നീട് എട്ടാം വയസില്‍ ജൂലിക്ക് ഹൃദയവാല്‍വിന് തകരാര്‍ വന്നു. ഇതോടെ ആരോഗ്യപ്രശ്നം കാരണം ജൂലിക്ക് റിട്ടയര്‍മെന്‍റ് അനുവദിക്കാന്‍ പൊലീസ് സേന തീരുമാനിച്ചു. സ്ക്വാഡില്‍ നിന്ന് വിരമിക്കുന്ന നായ്ക്കളെ താമസിപ്പിക്കുന്ന തൃശൂരിലെ വിശ്രാന്തിയിലേക്ക് മാറ്റനായിരുന്നു നീക്കം. എന്നാല്‍ ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു മിഥുന്. ആരോഗ്യപ്രശ്നവുമുള്ള ജൂലിയെ തനിച്ചാക്കാന്‍ മിഥുന് കഴിഞ്ഞില്ല. ഇതോടെ എഡിജിപിയുടെ അനുമതി വാങ്ങി മിഥുന്‍ സ്വന്തം വീട്ടിലേക്ക് ജൂലിയെ കൊണ്ടുപോയി.
ഒമ്പതുവയസുള്ള ജൂലിക്ക് നട്ടെല്ല് രോഗം വന്നതോടെ ഓടാനും ചാടാനും ബുദ്ധിമുട്ടായി. സ്വന്തം കുഞ്ഞിനെയെന്ന പോലെ മിഥുനും കുടുംബവും ജൂലിയെ നോക്കുകയാണിപ്പോള്‍. ജൂലിയെ കാണാന്‍ കൃത്യമായി എല്ലാമാസവും സനലും എത്തും. സേനയിലുണ്ടായിരുന്നപ്പോള്‍ ജൂലിക്ക് രാവിലെ ഏഴ് മുതല്‍ ഒരുമണിക്കൂറായിരുന്നു പരിശീലനം. നായ്ക്കള്‍ക്ക് ഹോര്‍മോണുകളുടെ ഗന്ധം തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. അതുകൊണ്ടുതന്നെ ഗന്ധവും ആളുകളെ തിരിച്ചറിയാനുമൊക്കെയാണ് പരിശീലനം. 150 അധികം നായ്ക്കളാണ് പൊലീസ് സേനയിലുള്ളത്.