ഭിഷാടനമാഫിയ തട്ടിക്കൊണ്ടുപോയി അന്ധനാക്കിയ ബാലന്‍ വർഷങ്ങള്‍ക്ക് ശേഷം സംഗീത അധ്യാപകനായി. തന്‍റെ വിദ്യാര്‍ഥികള്‍ക്ക് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ക്കൊപ്പം അതിജീവനത്തിന്‍റെ ബാലപാഠങ്ങളും പകർന്ന് നല്‍കുകയാണ് കോഴിക്കോട് കൊളത്തറ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ അബ്ദുള്‍ കരീം മാഷ്.
പാട്ടിനൊപ്പം കഥകളും പറഞ്ഞ് കൊടുക്കുന്ന ശീലമുണ്ട് കൊളത്തറ സ്ക്കൂളിലെ അബ്ദുള്‍ കരീം മാഷിന്. പാട്ട് ആസ്വദിക്കാത്തവര്‍പോലും കഥകള്‍ കേട്ടിരിക്കും , പറഞ്ഞ് മടുക്കാത്ത ആയിരത്തൊന്ന് കഥകള്‍ക്കിടയില്‍ ഓര്‍മ്മപ്പോലും വേദനിപ്പിക്കുന്നൊരു കഥയുണ്ട്. പണ്ട് അമ്മയെ തേടി അലഞ്ഞൊരു നാലുവയസുകാരന്‍റെ കഥ. നിറങ്ങള്‍ കണ്ട് മോഹിച്ച കുഞ്ഞ് ഇരുട്ടില്‍ ഒറ്റപ്പെട്ടുപോയ കെട്ടകഥ.
നാലുവയസുള്ളപ്പോഴാണ് തമിഴ് നാട്ടില്‍ നിന്നുള്ള മോഷണസംഘം കുഞ്ഞു കരീമിനെ തട്ടിക്കൊണ്ടു പോകുന്നത്. തെരുവിലേക്കിറക്കുന്നതിന് മുന്‍പ് തിളക്കമുള്ള കുഞ്ഞുകണ്ണുകള്‍ അവര്‍ ചൂഴ് ന്നെടുത്തു. യാത്രകളിലെപ്പോഴോ തമിഴര്‍ക്കിടയില്‍ മലയാളം കൊഞ്ചുന്ന കുഞ്ഞ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് രക്ഷകരായി . കോഴിക്കോട് ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിക്ക് കീഴില്‍ അവന്‍ വളര്‍ന്നു.
പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ നിന്നാണ് സംഗീതവും വയലിനും അഭ്യസിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള സക്കൂളിലെ അധ്യാപനം തുടങ്ങിയിട്ട് 23 വര്‍ഷമായി. സ്വപ്നങ്ങള്‍ ഇനിയും ഏറെ ബാക്കിയുണ്ട്.