തൃശൂരിൽ വഴിതെറ്റി കുരുക്കിലായി കെഎസ്ആർടിസി ബസ്. ചെറുവാഹനങ്ങൾ പോകേണ്ട വഴിയെ ബസ് കയറിയതിനെ തുടർന്ന് ഡ്രൈവർക്ക് കിട്ടിയത് എട്ടിൻറെ പണി. വില്ലൻ ആയത് ദിശാ ബോർഡ്.
പുലർച്ചെ മൂന്നു മണി. പോരാത്തതിന് മഴയും. തൃശൂരിൽനിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസ് ചാലക്കുടി പിന്നിട്ടു. മുരിങ്ങൂരെത്തിയപ്പോൾ അരണ്ട വെളിച്ചത്തിൽ എറണാകുളത്തേക്ക് എന്ന ബോർഡ് കണ്ടപ്പോൾ ഡ്രൈവർ സംശയിച്ചില്ല. ബോർഡ് കണ്ട പാതി ആ വഴിയെ വണ്ടി വിട്ടു. ദേശീയപാതയിൽനിന്ന് ബസ് അപ്പോഴേക്കും ചെറിയ വാഹനങ്ങൾക്ക് മാത്രം പോകാൻ കഴിയുന്ന മുരിങ്ങൂർ-കല്ലൂകടവ് റോഡിൽ കയറിയിരുന്നു. ഇടുങ്ങിയ വഴിയാണെങ്കിലും ഡ്രൈവർ കൂളായി 600 മീറ്ററോളം ബസ് കൊണ്ടുപോയി. പോയ വഴിയിലെ മതിലും തകര്‍ത്തു.
ഡ്രൈവർ ആദ്യമായിട്ടാണ് കോട്ടയത്തേയ്ക്ക് ബസോടിക്കുന്നത്. പുലർച്ചെ മൂന്നു മണിയും നല്ല മഴയും കൂടിയായപ്പോൾ ദിശാബോർഡ് ചതിച്ചു. മതിലുകൾ നിർമിക്കുന്നതിനായി ഡ്രൈവർ പതിനായിരം രൂപയാണ് നൽകിയത്. ദിശ ബോർഡ് മാറ്റിയില്ലെങ്കിൽ ഇനിയും ഇങ്ങനെയൊക്കെ സംഭവിക്കും.