തൃശ്ശൂർ പൂരത്തിലെ മഠത്തിൽ വരവ് പഞ്ചവാദ്യം അടക്കം കേരളത്തിലെ പ്രമുഖ പൂരങ്ങളിൽ ഇലത്താള പ്രമാണിയായിരുന്ന ചേലക്കര സൂര്യൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം.
ഉച്ചയൂണ് കഴിഞ്ഞൊന്ന് വിശ്രമിക്കുമ്പോൾ തോന്നിയ ഒരു ചെറിയ അസ്വസ്ഥത. വീടിന് തൊട്ടുമുന്നിലെ ആശുപത്രിയിൽ എത്തുമ്പോഴേക്കും ആ ഹൃദയതാളം നിലച്ചു പോയിരുന്നു. ജീവന്‍റെ താളം ഇല്ലാതായെങ്കിലും കൈകളിൽ എന്നും ജീവവായുമായി കൊണ്ട് നടന്നിരുന്ന ഇലത്താളം ശ്രുതി പിഴക്കാതെ സൂര്യേട്ടന്‍റെ ആത്മാവിലുണ്ടാവും.. തിരുവമ്പാടിയുടെ മഠത്തിൽ വരവിന്‍റെ ഗാഭീര്യത്തിന് ഒപ്പം കൂട്ടുചേർന്നത് 80 കൾ മുതൽ ആണെങ്കിലും സൂര്യന്‍റെ ഇലത്താള പ്രമാണിത്വം നെടുംത്തൂണായിട്ട് അഞ്ച് കൊല്ലം. ചേലക്കര കുട്ടപ്പൻ നായർ ചേലക്കര ഉണ്ണികൃഷ്ണൻ നായർ ചേലക്കര ഗോപി തുടങ്ങിയവരുടെ ഇലത്താള പരമ്പരയിൽ ഇങ്ങേ അറ്റത്തെ കണ്ണിയാണ് ചേലക്കര സൂര്യൻ.തിമില പ്രമാണിക്കൊപ്പം അദ്ദേഹത്തിന്‍റെ ആജ്ഞകൾക്ക് അനുസരിച്ച് ചേർന്നു നിൽക്കുന്ന കലാകാരനായിരുന്നു.
തോൽവാദ്യങ്ങൾക്കൊപ്പം ശ്രുതിയും ലയവും ചേർത്ത് പഞ്ചവാദ്യത്തെ ഗംഭീരമാക്കാൻ ലോഹവാദ്യമായ ഇലത്താളത്തിന് ഏറെ പങ്കുവഹിക്കാൻ ഉണ്ട്. ആ ഉത്തരവാദിത്വം പൂർണ്ണമായും മനസ്സിലാക്കി അതിന്‍റെ മഹനീയതയിൽ കൊട്ടിതീർക്കാൻ എന്നും ആവേശത്തോടെ മുന്നിലായിരുന്നു. തൃശ്ശൂർ പൂരം കൂടാതെ നെന്മാറ വേല തിരുവില്ലാമല നിറമാല, പറക്കോട്ടുകാവ് താലപ്പൊലി, ഉത്രാളിക്കാവ് പൂരം, തൃപ്പൂണിത്തുറ ഉത്സവം തുടങ്ങി കേരളത്തിലെ എണ്ണം പറഞ്ഞ ഉത്സവ മേളങ്ങളിൽ എല്ലാം നിറഞ്ഞുനിന്ന കലാകാരനായിരുന്നു. അന്നമനടത്രയം കുറൂർ ത്രയം പല്ലാവൂർകാർ ഇവർക്കൊപ്പം ഒക്കെ വർഷങ്ങൾ നീണ്ട താളപ്രയാണം. അങ്ങനെ കൊട്ടിക്കൊട്ടി തിളക്കവും തഴക്കവും വന്ന ചേലക്കരയുടെ പൊൻ സൂര്യൻ പഞ്ചവാദ്യ കലയുടെ നീലാകാശത്ത് ഇനിയുമേറെ തരിയിട്ടു പിടിക്കലും ഇരട്ടി പിടിക്കലും തീർക്കട്ടെ.