TOPICS COVERED

തൃശ്ശൂർ പൂരം കലക്കലിലെ വീഴ്ചയിൽ എ.ഡി.ജി.പി എംആർ അജിത് കുമാർ സുരക്ഷിതനായേക്കും. നടപടി താക്കീതിലൊതുക്കാൻ നീക്കം. കടുത്ത നടപടി ഒഴിവാക്കാമെന്ന്  ഡി ജി പി റാവാഡ ചന്ദ്രശേഖറിൻ്റെ പുതിയ റിപ്പോർട്ട്. സസ്പെൻഷനടക്കം  ശുപാർശ ചെയ്ത മുൻ ഡിജിപിയുടെ റിപ്പോർട്ട് സർക്കാർ നിർദേശ പ്രകാരമാണ് റാവാഡ തിരുത്തിയത്.

എം. ആർ അജിത്കുമാറിനെ രക്ഷിച്ചെടുക്കാനുള്ള സർക്കാർ തന്ത്രം വിജയകരമായ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. സർക്കാറിൻ്റെ മനസ് കണ്ടറിഞ്ഞ് നിലവിലെ ഡി ജി പി റിപ്പോർട്ട് നൽകിയതോടെയാണ് തൃശൂർ പൂരം കലക്കലിലെ വീഴ്ചയിൽ അജിത്തിന് രക്ഷാകരം തെളിഞ്ഞത്. മുൻ ഡി ജി പി ദർവേഷ് സാഹിബിന്‍റെ അന്വേഷണത്തിൽ അജിത് കുമാറിൻ്റെ ഗുരുതര വീഴ്ച സ്ഥിരീകരിച്ചിരുന്നു. മന്ത്രിയുടെ മുന്നറിയിപ്പ് പോലും വകവെക്കാതെ എ ഡി ജി പി ഉറങ്ങിയെന്നായിരുന്നു റിപ്പോർട്ട്. സസ്പെൻഷൻ വരെ നീളുന്ന കടുത്ത നടപടിയും ശുപാർശ ചെയ്തിരുന്നു. ഇത് അനുസരിച്ച് നടപടിയെടുക്കേണ്ട സർക്കാർ അസാധാരണ നീക്കത്തിലൂടെ ഫയൽ പുതിയ പൊലീസ് മേധാവി റാവാഡാ ചന്ദ്രശേഖറിന് തിരിച്ചു നൽകുകയായിരുന്നു. റിപ്പോർട്ട് പരിശോധിച്ച റാവാഡ  തൻ്റെ നിർദേശം കൂട്ടിച്ചേർത്ത് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് വീണ്ടും സർക്കാറിന് കൈമാറി. കൃത്യനിർവഹണത്തിൽ വീഴ്ചയെന്ന് തന്നെയാണ് പുതിയ റിപോർട്ടിലും. എന്നാൽ അജിത്തിനെ നിലവിൽ പൊലീസിൽ നിന്ന് എക്സൈസിലെക്ക് മാറ്റിയതിനാൽ സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നാണ് ഗുപാർശ. അതിനാൽ താക്കീത് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. അതോടെ കോളിളക്കം സൃഷ്ടിച്ച തൃശൂർ പൂരം കലക്കലിൽ വലിയ പരുക്കില്ലാത്തെ അജിത് കുമാർ രക്ഷപെടും.

ENGLISH SUMMARY:

Thrissur Pooram controversy revolves around ADGP MR Ajith Kumar potentially avoiding severe repercussions. The investigation might conclude with a warning due to a revised report by the current DGP, averting suspension.