police-station

അഡീഷണൽ എസ്പി ഓഫിസിൽ ജോലി ചെയ്തിരുന്ന പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ എ.ആർ. ക്യാമ്പിലേക്ക് മാറ്റി. ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ എസ്പി വീഴ്ച മറിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു എന്ന ആരോപണവും ശക്തമാണ്.

പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വിജയകാന്ത് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. എ.ആർ. ക്യാമ്പിലേക്കുള്ള മാറ്റം ഭരണപരമായ സൗകര്യമെന്നാണ്  വിശദീകരണം.  മാസങ്ങളായി തുടരുന്ന എസ്പി–അസോസിയേഷൻ പോരാണ് ശിക്ഷാനടപടിയുടെ സ്വഭാവമുള്ള മാറ്റത്തിൽ എത്തിച്ചത്.  ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പോക്സോ കേസ് വൈകിയതിലും അട്ടിമറിശ്രമത്തിലും എസ്പിയുടെ അടക്കം ഉദ്യോഗസ്ഥരുടെ വീഴ്ചമറയ്ക്കാൻ മറ്റുചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. 

അട്ടിമറി ഉണ്ടായി എന്ന് കാട്ടി നൽകിയ പരാതി എസ്പി പൂഴ്ത്തി എന്ന്  സിഡബ്ല്യൂസി ചെയർമാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം പരാതി നൽകിയിട്ടുണ്ട്. കോയിപ്രം പൊലീസ് കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിലും ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം വീഴ്ചയുണ്ട്.   കോയിപ്രം സിഐയെ സസ്പെൻഡ് ചെയ്തെങ്കിലും കൂടുതൽ നടപടികൾ വരും.  അഡീഷണൽ എസ്.പി. കസ്റ്റഡി മർദ്ദനത്തിന്റെ ഫയലുമായി മന്ത്രി വി എൻ വാസവനെ സന്ദർശിച്ചു  എന്ന വിവരം പുറത്തുവന്നിരുന്നു.  ഇത് ചോർത്തി എന്ന സംശയത്തിലാണ് ഡ്രൈവർ അടക്കം അഞ്ചുപേരെ സ്ഥലം മാറ്റിയത്. മറ്റു ചില പോലീസുകാർക്കും എസ്പിയുടെ ശിക്ഷ നടപടികൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഭയം മൂലം പുറത്തു പറയാൻ തയ്യാറല്ല.

ENGLISH SUMMARY:

Five officers, including the district president of the Police Association who was working at the Additional SP’s office, have been transferred to the Armed Reserve (AR) camp. Allegations are strong that these transfers are an attempt to scapegoat the officers to cover up the SP’s failure in a POCSO case involving a High Court lawyer as the accused.