ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് അമ്മ സിന്ധു കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു, മൂന്ന് യുവതികളേയും ഇരുത്തി ചോദ്യം ചെയ്യുന്ന വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ മൂന്ന് വനിതാ ജീവക്കാരെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇതിനിടെയാണ് തട്ടിപ്പുകാരികള്‍ക്ക് വെള്ളവും ജ്യൂസും ഭക്ഷണവും കൊടുക്കുന്നത് കാണുന്നത്. ചോദ്യം ചെയ്യലില്‍ വല്ലാതെ ഉരുണ്ട് കളിക്കുന്നവരോട് വെള്ളം വേണോ, ജ്യൂസ് വേണോ എന്ന് ചോദിച്ച് കുടിക്കാന്‍ വെള്ളവും ജ്യൂസും കൊടുക്കുന്നത് കാണാം. സ്വിഗ്ഗി വഴി താന്‍ അവര്‍ക്ക് ഭക്ഷണം സഹിതം മേടിച്ച് കൊടുത്തിട്ടാണ് വിട്ടതെന്ന് ഇന്നലെ കൃഷ്ണകുമാറും പറഞ്ഞിരുന്നു.
നിങ്ങൾ തട്ടിപ്പ് നടത്തി എത്ര കാശുണ്ടാക്കി എന്നറിയണമെന്ന് അഹാന ജീവനക്കാരോട് ചോദിക്കുന്നുണ്ട്. ഏഴു ലക്ഷത്തിലധികം രൂപയാണ് സ്ക്രീൻഷോട്ടുകൾ നോക്കി ഞങ്ങൾക്ക് മനസ്സിലായതെന്നാണ് ദിയയുടെ ഭർത്താവ് അശ്വിൻ പറയുന്നത്. എന്നാൽ ചോദിക്കുന്നതിന് സത്യം പറഞ്ഞാൽ എല്ലാ പ്രശ്നങ്ങളും മാന്യമായി അവസാനിപ്പിക്കാമെന്നും അല്ലെങ്കിൽ തനിക്ക് പകരം പൊലീസാവും നിങ്ങളെ ചോദ്യം ചെയ്യുകയെന്നും അഹാന പരാതിക്കാരോട് പറയുന്നുണ്ട്.
പിന്നാലെയാണ് ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയെടുത്തതെന്നും ചെയ്തതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടെന്നും ജീവനക്കാരികൾ പറയുന്നത്. കയ്യിലുണ്ടായിരുന്ന സ്വർണമടക്കം വിറ്റാണ് 5 ലക്ഷം രൂപ ദിയയ്ക്ക് തിരികെ നൽകാനായി ഉണ്ടാക്കിയതെന്നും ഇവർ പറയുന്നു. സ്ഥാപനത്തിൽ സാധനം വാങ്ങാനെത്തുന്നവർ പണം അയക്കാനായി സ്കാനർ ചോദിക്കുമ്പോൾ സ്വന്തം ഫോണിലെ സ്കാനറാണ് കാണിച്ചു കൊടുക്കാറുള്ളതെന്നും വിഡിയോയിൽ അവർ പറയുന്നത് കേൾക്കാം.പൊലീസിനെ ഇക്കാര്യങ്ങൾ അറിയിക്കണ്ടെന്നും അവർ പറയുന്നുണ്ട്. എത്രരൂപയാണ് പണമായി കടയിൽ നിന്നെടുത്തതെന്ന ചോദ്യത്തിന് ആദ്യം പണം എടുത്തിട്ടില്ല എന്നാണ് മറുപടി പറയുന്നത്. എന്നാൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ 40,000 രൂപ വരെ പണമായി എടുത്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.
കടയിൽ നിന്നെടുത്ത പണം തുല്യമായാണ് മൂന്നുപേരും വീതിച്ചെടുത്തതെന്നും ലക്ഷങ്ങൾ കൈക്കലാക്കിയെന്ന് കണക്കുപ്രകാരം വന്നാൽ തിരിച്ചു തരുമെന്നും ജീവനക്കാരികൾ വ്യക്തമാക്കി. കൃഷ്ണകുമാറിനോടും കുടുംബത്തോടും സംസാരിച്ച പരാതിക്കാർ അവിടെ നിന്ന് സ്വന്തം നിലയ്ക്ക് പോകുന്നതും വിഡിയോയിൽ കാണാം