കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്മെന്റില്‍ പെണ്‍വാണിഭ സംഘം പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപ്പാർട്മെന്‍റ് കേന്ദ്രീകരിച്ച് അസ്വഭാവികമായ കാര്യങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നതായും അത് അന്വേഷിച്ചിരുന്നതായും സഹ ഉടമ മനോരമ ന്യൂസിനോട് പറഞ്ഞു.
Also Read: കോഴിക്കോട് അപ്പാര്‍ട്മെന്റില്‍ റെയ്ഡ്; സെക്സ് റാക്കറ്റ് പിടിയില്‍
ബഹറൈന്‍ ഫുട്ബോള്‍ ക്ലബിന്‍റെ ഫിസിയോ എന്നു പറഞ്ഞ അമിനീഷ് കുമാര്‍ എന്നയാളും ഭാര്യയും ചേര്‍ന്നാണ് അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് എടുത്തത്. താഴെത്തെ നിലയിലാണ് ഇവര്‍ താമസിക്കുന്നത്. അപ്പാര്‍ട്ട്മെന്‍റ് പൂര്‍ണമായും നോക്കി നടത്തുന്നത് അവരാണ്. വാടക കൃത്യമായി ഉടമകളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെ എത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്‍റിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം നടത്തിപ്പുകാരോട് അന്വേഷിച്ചിരുന്നു എന്നും ഉടമ മനോരമ ന്യൂസിനോട് പറഞ്ഞു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ കൂട്ടിരിപ്പുകാരുടെ കുടുംബം കുട്ടിക്ക് പാല്‍ കൊടുക്കാന്‍ വന്നതാണെന്നായിരുന്നു നടത്തിപ്പുകാരുടെ മറുപടി. കാര്യം മനസിലായപ്പോള്‍ നാട്ടുകാര്‍ പിരിഞ്ഞു പോയി എന്നാണ് അവര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് നടത്തിയ റെയ്ഡില്‍ ആറു സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരാണ് അറസ്റ്റിലായത്. രണ്ടു ഇടപാടുകരെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.