നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം വേണമെന്നും, തന്‍റെ കയ്യിൽ അതിനുള്ള പണം ഇല്ലെന്നും കഴിഞ്ഞ ദിവസം പി.വി അൻവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫെയ്സ്ബുക്കിലൂടെ ഇലക്ഷൻ ഫണ്ട് അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അന്‍വര്‍. സഹോദരങ്ങളെ പൈസ കയ്യിലില്ലാ സഹായിക്കണം എന്നാണ് അന്‍വര്‍ പറയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അന്‍വര്‍ വിഡിയോയില്‍ പറയുന്നു.
എന്നാല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ധനാഢ്യന്‍ പി.വി. അന്‍വര്‍തന്നെയാണ്. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍. അന്‍വറിനുള്ളത് 34,07,14,320 രൂപയുടെ സ്ഥാവരവസ്തുക്കള്‍. രണ്ടു ഭാര്യമാര്‍ക്കുമായി 10,13,68,680 രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. അന്‍വറിന്‍റെ കൈയില്‍ പണമായി 25,000 രൂപയും ഭാര്യയുടെ കൈയില്‍ 20,000 രൂപയുമാണുള്ളത്. 2,13,60,000 രൂപ വിലമതിക്കുന്ന 2400 ഗ്രാം സ്വര്‍ണം ഭാര്യമാര്‍ക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വര്‍ണം ആശ്രിതരുടെ കൈയിലുമുണ്ട്. പണം, ബാങ്ക്്, ആഭരണം, കിട്ടാനുള്ള തുക, ബാങ്ക് പലിശ എന്നിവയടങ്ങിയ 18,14,24,179 രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 3,59,74,660 രൂപ കിട്ടാനുള്ളതാണ്. 20,60,10,471 രൂപയുടെ ബാധ്യതയാണ് അന്‍വറിനുള്ളത്.