പി.വി. അൻവറിന് ഒപ്പമുള്ളവർക്ക് സീറ്റു നൽകുന്ന കാര്യത്തിൽ അവസാന നിമിഷവും അനിശ്ചിതത്വം തുടരുമ്പോഴും നിലമ്പൂർ മണ്ഡലത്തിലെ കരുളായി പഞ്ചായത്തിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമായി. തൃണമൂൽ കോൺഗ്രസിന് മത്സരിക്കാനായി മുസ്ലീം ലീഗ് ആണ് രണ്ട് സീറ്റുകൾ വിട്ടു നൽകിയത്.
നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ പിവി അൻവറിന് ഏറ്റവും സ്വാധീനമുള്ള ഗ്രാമപഞ്ചായത്താണ് കരുളായി. ആകെയുള്ള 17 വാർഡുകളിൽ പത്തിടത്ത് മുസ്ലിം ലീഗും ഏഴിടത്ത് കോൺഗ്രസുമാണ് മത്സരിക്കുന്നത്. മുസ്ലീം ലീഗിന് നൽകിയ 10 വാർഡുകളിൽ രണ്ടെണ്ണമാണ് തൃണമൂൽ കോൺഗ്രസിന് നൽകിയത്. പത്താം വാർഡായ കളം കുന്നിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.പി. അയൂബ് സ്ഥാനാർത്ഥിയാണ്. 14 - വാർഡായ കരിന്താർ വനിതാസംവരണത്തിലന്ന് സാജിത മഴക്കാറത്ത് മത്സരിക്കുന്നത്.
മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിലാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചത്. പഞ്ചായത്തിൽ പി.വി. അൻവർ കൂടി പ്രചാരണത്തിന് എത്തുന്നത് യുഡിഎഫിന്റെ സാധ്യതകൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.