കെഎഫ്സി വായ്പത്തട്ടിപ്പില്‍ കള്ളപ്പണമിടപാടുകള്‍ നടന്നുവെന്ന് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ ചോദ്യം ചെയ്യാന്‍ ഇഡി. ബെനാമി പേരുകളില്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയ അന്‍വറിന്‍റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാനുമാണ് ഇഡി നീക്കം. ചട്ടങ്ങള്‍ ലംഘിച്ച് ലോണുകള്‍ അനുവദിച്ച കെഎഫ്സിയിലെ ചീഫ് മാനേജര്‍ അടക്കമുള്ളവരെയും ഇഡി ചോദ്യം ചെയ്യും.
നടന്നത് ഗുരുതുരമായ ക്രമക്കേടുകളെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഡ്രൈവര്‍ സിയാദിന്‍റെ പേരില്‍ മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് തുടങ്ങിയാണ് കെഎഫ്സിയില്‍ നിന്ന് കോടികള്‍ വായ്പയായി തരപ്പെടുത്തിയത്. സിയാദിന്‍റെ പേരിലാണ് സ്ഥാപനമെങ്കിലും ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് താനാണെന്ന് അന്‍വര്‍ ഇഡിയോട് സമ്മതിച്ചു. ഇങ്ങനെ ലഭിച്ച പന്ത്രണ്ട് കോടിയിലേറെ രൂപ പിവിആര്‍ ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണത്തിനായാണ് വകമാറ്റി ചെലവഴിച്ചത്. വായ്പ തിരിച്ചടയ്ക്കാതെ ഒരേ വസ്തുതന്നെ ഈടുവെച്ച് കൂടുതല്‍ വായ്പയെടുക്കുകയും ചെയ്തു.
അന്‍വറിന്‍റെ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്ന് ഡ്രൈവര്‍ സിയാദും മറ്റു ബന്ധുക്കളും മൊഴി നല്‍കിയതും അന്‍വറിന് കുരുക്കായി. അന്‍വറിന്‍റെ സമ്പത്ത് ചുരുങ്ങിയ സമയംകൊണ്ട് അഞ്ചിരട്ടി വരെ വര്‍ധിച്ചതില്‍ വ്യക്തമായ വിശദീകരണം അന്‍വറിന് ആദ്യഘട്ടത്തില്‍ നല്‍കാനായിട്ടില്ല. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളടക്കം പരിശോധിച്ച ശേഷം അന്‍വറിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ഈ ഘട്ടത്തിലും അന്‍വറിന് വ്യക്തമായ മറുപടിയില്ലെങ്കില്‍ അറസ്റ്റിലേക്കടക്കം നീങ്ങാന്‍ കാരണമാകും.
അന്‍വറിന് പുറമെ കെഎഫ്സി മലപ്പുറം യൂണിറ്റ് മുന്‍ ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കുരുക്കിലാണ്. ഒരു പരിശോധനയുമില്ലാതെ ചട്ടങ്ങള്‍ മറികടന്നാണ് അന്‍വറിന് ലോണ്‍ അനുവദിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ ഇഡി കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ സഹപ്രവര്‍ത്തകരും മൊഴി നല്‍കിയിട്ടുണ്ട്. ഇവരും വരും ദിവസങ്ങളില്‍ ഇഡിയുടെ ചോദ്യമുനയിലെത്തും.