പിആർ വർക്ക് നടത്തുമ്പോൾ ചുരുങ്ങിയത് “കോൺസെപ്റ്റും സ്ക്രിപ്റ്റുമെങ്കിലും” ശ്രദ്ധിക്കണമെന്നും, എത്ര മഹാരഥന്മാർ ഇരുന്ന സ്ഥാനത്താണ് എംഎ ബേബി ഇരിക്കുന്നതെന്നും പിവി അന്‍വര്‍. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ചത് പിആര്‍ വര്‍ക്കാണെന്ന് പറഞ്ഞാണ് അന്‍വറിന്‍റെ പരിഹാസം. 

'കഴിച്ച പാത്രം സ്വയം കഴുകുന്നത് ശരിയാണെന്ന അഭിപ്രായമാണ് ഉള്ളത്. പക്ഷേ അത് പിആറന് കണ്ടന്റാക്കാവുന്ന വിഷയമായി തോന്നിയില്ല  ആ പദവിയോടുള്ള ബഹുമാനമെങ്കിലും കൊടുക്കാമായിരുന്നു. മാസങ്ങളായി തുടരുന്ന വർഗീയ-വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാതെ ചുമ്മാ പാത്രം കഴുകി കളയാനാവുമോ ?. '– അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയെ പരിഹസിച്ചുള്ള ട്രോളുകളും പോസ്റ്റുകളും നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍. കൊടുങ്ങല്ലൂരില്‍ ഗൃഹസമ്പർക്കം നടത്തുന്നതിനിടെയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം ആ വീട്ടിലെ അടുക്കളയില്‍ പോയി എംഎ ബേബി കഴുകി വച്ചത്. പിന്നാലെ ഇലക്ഷന്‍ കാലത്തെ പ്രഹസനം എന്ന് പറഞ്ഞാണ് എതിര്‍ പക്ഷത്തും നിന്നുള്‍പ്പെടെ പരിഹാസങ്ങള്‍ വന്നത്.

എന്നാല്‍ ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടതുമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍. ബേബി സഖാവിനെ അറിയാത്തവര്‍ക്ക് ഇതൊരു പുതിയ കാര്യമായിരിക്കുമെന്നും അറിയുന്നവർക്ക് സഖാവിന്റെ ഈ രീതി അറിയാമെന്നുമാണ് മറുപടി. ഒപ്പം എം.എ.ബേബി മുന്‍പും പല ഇടങ്ങളിലും താന്‍ കഴിച്ച പാത്രം കഴുകിവക്കുന്ന ചിത്രങ്ങളും വ്യാപകമായി ഇടതുപ്രൊഫൈലുകള്‍ പങ്കുവക്കുന്നുണ്ട്. 

ENGLISH SUMMARY:

M.A. Baby criticism focuses on a recent event where he washed dishes after a meal during a house visit, sparking political debate. This action was criticized by P.V. Anvar and has led to widespread discussion and defense from other political figures.