പി.വി. അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും മലപ്പുറം ജില്ല നേതൃത്വവും രണ്ടു തട്ടില്‍. പി.വി. അന്‍വറിന്‍റെ സഹായം നിലവില്‍ ആവശ്യമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസിന്‍റെ മലപ്പുറം ജില്ലയിലെ പ്രധാന നേതാക്കള്‍.

കഴിഞ്ഞ നിലമ്പൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ പിടിച്ച ഇരുപതിനായിരത്തോളം വോട്ടൊന്നും ജില്ലയിലെ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കള്‍ കാര്യമാക്കുന്നില്ല. നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലും ജില്ലയില്‍ എവിടേയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാന്‍ പി.വി. അന്‍വറിന്‍റെ സഹായം പാര്‍ട്ടി ഘടകങ്ങളൊന്നും ആവശ്യപ്പെട്ടില്ലെന്നാണ് എ.പി. അനില്‍ കുമാര്‍ പറഞ്ഞത്.

കരുളായി പഞ്ചായത്തില്‍ സിപിഎം ജയിക്കുന്ന രണ്ട് വാര്‍ഡുകള്‍ ഒഴികെ എവിടേയും പി.വി. അന്‍വറിന്‍റെ തൃണമൂല്‍ കോണ്‍ഗ്രസുമായി കാര്യമായ നീക്കുപോക്കുണ്ടാക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിട്ടുമില്ല. അന്‍വറിനെ കൂടെക്കൂട്ടണമെന്ന ലീഗ് വികാരത്തിലും കോണ്‍ഗ്രസ് തന്ത്രപരമായ മൗനം തുടരുകയാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിലെ അസോസിയേറ്റ് അംഗമാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു

ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെക്കുറിച്ച് പി.വി. അന്‍വറിന് ബോധ്യമുണ്ടെങ്കിലും യുഡിഎഫ് പ്രവേശനം എന്ന കടമ്പ അന്‍വറിന്‍റെ ആവശ്യമായതുകൊണ്ട് മൗനം തുടരുകയാണ്.

ENGLISH SUMMARY:

Kerala Politics is currently witnessing a rift within the Congress party regarding cooperation with PV Anvar's Trinamool Congress.