സീറ്റ് വിഭജനത്തിൽ വിട്ടുവിഴ്ചക്കൊരുങ്ങി കേരള കോൺഗ്രസ്. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസിന് വിട്ട് നൽകും. പകരം സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വിട്ടുനൽകാൻ സാധ്യതയില്ലാത്തതിനാൽ എട്ട് സീറ്റുകളിലാവും കേരള കോൺഗ്രസ് മത്സരിക്കുക.
ഇന്നലെ രാത്രി ആലുവയിൽ നടന്ന തിരക്കിട്ട ചർച്ചയിലും 10 സീറ്റ് വേണമെന്ന് ഉറച്ചു നിന്ന കേരള കോൺഗ്രസ് നേതൃത്വം ഇന്ന് നിലപാട് മാറ്റി. മുന്നണി ധാരണ പ്രകാരം വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. സീറ്റുകൾ വിട്ടുനൽകുന്നതിൽ കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്.
കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, UDF ചെയർമാൻ ജോയ് വെട്ടിക്കുഴി എന്നിവരാണ് ഇടുക്കി മണ്ഡലത്തിൽ കോൺഗ്രസിന്‍റെ പരിഗണനയിലുള്ളത്. തൊടുപുഴയിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ അവസാന നിമിഷവും സസ്പെൻസ് തുടരുകയാണ്. നാട്ടകം സുരേഷ്, ജി.ഗോപകുമാർ, ജോസഫ് വാഴയ്ക്കൻ എന്നിവരാണ് ഏറ്റുമാനൂരിൽ കോൺഗ്രസിന്‍റെ പട്ടികയിലുള്ളത്. നാളെ കോട്ടയത്ത് ചേരുന്ന യോഗത്തിനുശേഷം കേരള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തും