തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രായവും ആരോഗ്യപരമായ കാരണങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിനൊടുവിൽ വന്ന പ്രഖ്യാപനം കർണാടക കോൺഗ്രസിലെ ഭാവി നേതൃത്വ ചർച്ചകൾക്കും വഴിതുറക്കുകയാണ്.

രാഷ്ട്രീയം മലീമസമാക്കപ്പെട്ടെന്നും ആ രാഷ്ട്രീയത്തോട് സന്ധി ചെയ്യാൻ വയ്യെന്നുമാണ് വിരമിക്കൽ പ്രഖ്യാപനത്തിലെ പ്രധാന ഉള്ളടക്കം. നിലവിൽ 79 വയസ്സുണ്ടെന്നും 2028 ലെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ 82 വയസ്സായിരിക്കുമെന്നും അതിനാൽ മൽസര രംഗത്ത് തനിക്കൊരു ബാല്യമില്ലെന്നും സിദ്ധരാമയ്യ കുറിച്ചു.

1983-ൽ ആദ്യമായി നിയമസഭയിലെത്തിയ സിദ്ധരാമയ്യ, ജനതാദളിലൂടെയാണ് കർണാടക രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായി വളർന്നു. 2013-ൽ ആദ്യമായി മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, അഞ്ചുവർഷം കാലാവധി പൂർത്തിയാക്കിയ അപൂർവ കർണാടക മുഖ്യമന്ത്രിമാരിൽ ഒരാളായി മാറി. 2023-ൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച് വീണ്ടും മുഖ്യമന്ത്രിയായി.

പിന്നോക്ക രാഷ്ട്രീയത്തിന്റെ മുഖമായി അറിയപ്പെട്ട സിദ്ധരാമയ്യ, പിന്നാക്ക വിഭാഗങ്ങൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും ഇടയിൽ വലിയ സ്വാധീനം പുലർത്തുന്ന നേതാവാണ്.

അതേസമയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുമെങ്കിലും പൊതുജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായി തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Former Karnataka Chief Minister Siddaramaiah has announced his retirement from electoral politics, citing age and health reasons after a political career spanning over four decades. Sharing the decision on social media, the 79-year-old leader stated he would be 82 by the 2028 elections, making it impractical to contest further, while also expressing dismay over the current state of politics. Entering the legislative assembly in 1983 through the Janata Dal, Siddaramaiah later joined the Congress party, established himself as a prominent champion of backward classes, Dalits, and minorities, and served two terms as Chief Minister in 2013 and 2023. Although stepping away from electoral contests, he confirmed he will remain actively involved in public life and ongoing political activities.