നീറ്റ് പരീക്ഷാക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച വിസ്മയ മോഹന്‍ലാലിന്‍റേത് രാഷ്ട്രീയ പോസ്റ്റല്ലെന്ന് മേജര്‍ രവി. കുട്ടികളെ തല്ലുന്നത് കണ്ട് ഇട്ട പോസ്റ്റാണെന്നും അതിനെ കോക്രോച്ച് പാര്‍ട്ടിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വിഡിയോയില്‍ പറഞ്ഞു. അങ്ങേയറ്റം മനുഷ്യത്വമുള്ള കുട്ടിയാണ് വിസ്മയയെന്നും അതിന് രാഷ്ട്രീയമറിയില്ലെന്നും ഇപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടാകുമെന്നും മേജര്‍ രവി വിശദീകരിച്ചു. Also Read: 'മകളോട് വകതിരിവ് പഠിക്കാന്‍ പറ'! മോഹന്‍ലാലിന് നേരെയും സൈബര്‍ ആക്രമണം
ഡല്‍ഹിയില്‍ നടക്കുന്നത് നീറ്റ് സമരമല്ലെന്നും നീറ്റിന്‍റെ ഫുള്‍ഫോം പോലും സമരക്കാര്‍ക്ക് അറിയില്ലെന്നും മേജര്‍ രവി പരിഹസിച്ചു. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമാണ് സമരം ചെയ്യുന്നതെന്നും മോദിയെ താഴെയിറക്കാന്‍ അമേരിക്കയില്‍ നിന്ന് ഫണ്ടിറക്കി നടത്തുന്ന സമരമാണെന്നും അദ്ദേഹം ആരോപിച്ചു. Read More: 'ലാലേട്ടന്‍റെ വില കളഞ്ഞു, പെട്ടെന്നൊരു പൗരബോധം’, ഒരു സ്റ്റോറി; വിസ്മയക്കെതിരെ സൈബര്‍ അറ്റാക്ക്
മേജര്‍ രവിയുടെ വിഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:'എനിക്ക് മായയെ കുട്ടിക്കാലം മുതല്‍ അറിയാം. ആ കുട്ടിയുടെ സ്വഭാവം എന്താണെന്ന് എനിക്കറിയാം. ആ കുട്ടിക്ക് രാഷ്ട്രീയപരമായ ഒരറിവും ഇല്ല. അങ്ങേയറ്റം മനുഷ്യത്വമുള്ള ഒരു കുട്ടിയാണ്. തെരുവുനായയെ കണ്ടാല്‍ അതിനെ രക്ഷിക്കൂവെന്നും എടുത്തോണ്ട് വരൂവെന്നും പറഞ്ഞ് കരഞ്ഞ് നടന്നിരുന്ന കുട്ടിയെ എനിക്കറിയാം.
ഇപ്പോ റീസന്‍റായി നടന്ന സംഭവം, ഈ കുട്ടി പഠിച്ചതും വളര്‍ന്നതുമെല്ലാം വിയറ്റ്നാമിലായിരുന്നു. അവിടെ ഒരാള്‍ തെരുവുനായയെ ആക്രമിക്കുന്നത് കണ്ടിട്ട് അതിനെ അഡോപ്റ്റ് ചെയ്ത്, സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ടാണ് അതിനെ ഇന്ത്യയിലെത്തിച്ചത്. ഇതാണ് ആ കുട്ടിയുടെ മനസ് എന്ന് പറയുന്നത്. ഒരു ബ്ലോക്കിനകത്ത് ഒരു കുട്ടിയെ അടിക്കുന്നത് ആ കുട്ടി കണ്ടു. അതോടെ പോസ്റ്റിട്ടു. നിങ്ങളതിനെ ഫുള്‍ കോക്രോച്ച് പാര്‍ട്ടിക്കുള്ള പിന്തുണയായിട്ട് കാണേണ്ട. ഞാനറിയുന്ന മായയ്ക്ക് ഞാനിപ്പോള്‍ പറഞ്ഞത് പോലെ ഈ കാര്യങ്ങളൊന്നും അറിയില്ല. എന്താണ് പ്രശ്നമെന്നോ എന്താണ് ഈ മുന്നേറ്റമെന്നോ അറിയില്ല. ചെറിയ കുട്ടിയെ അടിക്കുന്നത് കണ്ടപ്പോള്‍ ഇട്ട പോസ്റ്റാണ്. സത്യത്തില്‍ ചെറിയ കുട്ടി അവിടെ ഇല്ല. കുട്ടികളെന്ന് നിങ്ങള്‍ പറയുന്നവരേയുള്ളൂ. നീറ്റിന്‍റെ ഫുള്‍ഫോം പോലും അറിയാത്ത ആള്‍ക്കാരാണ് അവിടെ വന്നിരിക്കുന്നത്. അതുകൊണ്ട് അതേക്കുറിച്ച് മായയുടെ ഒരു വികാരമാണ് അവിടെ പറഞ്ഞത്. പിന്നെ അതേക്കുറിച്ച് മായയെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്.
അവിടെ നടക്കുന്നത് നീറ്റ് സമരമല്ല, സര്‍ക്കാരിനെ മറിച്ചിടാനുള്ളതാണ്. കമ്യൂണിസ്റ്റും കോണ്‍ഗ്രസുമാണ് സമരത്തിന് പോയിരിക്കുന്നത്. ഫണ്ടിങ് മോദിയെ താഴെയിറക്കാന്‍ മുദ്രാവാക്യം വിളിക്കാനാണ്. അത് വന്നിരിക്കുന്നത് അമേരിക്കയില്‍ നിന്നാണ്. സോ, ബി കെയര്‍ഫുള്‍...ബി വിജിലന്‍റ്, നിങ്ങളൊക്കെ എജ്യൂക്കേറ്റഡാണ്. ഒരുത്തന്‍റെ കിഡ്നി ഫണ്ടിങിന് വിളിച്ചാല്‍ പോലും ഫ്രീ ആയി വരാത്ത ആര്‍ട്ടിസ്റ്റുകളൊക്കെ അവിടെ പോയി നില്‍ക്കുന്നുണ്ട്. അവര് പൈസ കിട്ടാതെ അവിടെ വരെ പോകില്ല. അപ്പോള്‍ ഡല്‍ഹി വരെ പോയിട്ടുണ്ടെങ്കില്‍ പണം കിട്ടിയിട്ടുണ്ട്'.
അതേസമയം, സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തി. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന പോസ്റ്റോടെ കുട്ടികളെ തല്ലാന്‍ ഡല്‍ഹി പൊലീസ് ഉപയോഗിച്ച ലാത്തിയുടെ ചിത്രം നടി ഭാവന പോസ്റ്റ് ചെയ്തു. നടന്‍ പ്രകാശ് രാജ്, ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, നടന്‍ റഹ്മാന്‍, ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്, ടൊവിനോ, ആസിഫലി തുടങ്ങി നിരവധിപ്പേര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.