നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ, രണ്ടു വർഷം മുൻപ് പങ്കുവെക്കപ്പെട്ട ഒരു എക്സ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഭാവിയിൽ വൻക്രമക്കേടുകളും വലിയ രീതിയിലുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങളും രാജ്യത്ത് പൊട്ടിപ്പുറപ്പെടുമെന്ന് കൃത്യമായി പ്രവചിച്ചുകൊണ്ടുള്ളതായിരുന്നു ആ പഴയ പോസ്റ്റ്. അരവിന്ദ് എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റിൽ പറഞ്ഞിട്ടുള്ളത് ഇനങ്ങനെയാണ്, മൂന്നാം മോദി സര്‍ക്കാരിന്‍റെ വരും മാസങ്ങളിൽ നിങ്ങളുടെ തെരുവിലേക്ക് എത്താൻ പോകുന്ന പ്രതിഷേധങ്ങൾ; NEET മായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ, IMA ഡോക്ടർമാരുടെ പ്രതിഷേധങ്ങൾ, കർഷക സമരങ്ങൾ, മുസ്‌ലിംകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ, ഖലിസ്ഥാനി ബന്ധമുള്ള സമരങ്ങൾ എന്നിവയാണ്.
പക്ഷെ, കൂടുതൽ കൗതുകമുള്ള കാര്യം അരവിന്ദ് എന്ന ഈ പേജിന്‍റെ ബയോയിൽ പറഞ്ഞിട്ടുള്ള വാക്കുകളാണ്, 'ഞാൻ കാര്യങ്ങൾ സംഭവിക്കുന്നതിന് വളരെ മുമ്പേ തന്നെ അവയെക്കുറിച്ച് സംസാരിക്കും. ഊഹാപോഹങ്ങൾ പോസ്റ്റ് ചെയ്യും, പറയുന്നതൊന്നും യഥാർഥമല്ല. പോസ്റ്റ് ചെയ്യുന്ന ഒന്നും വിശ്വസിക്കരുത്'.
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കിയതോടെ സംഗതി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിട്ടുണ്ട്. 2024 ൽ തന്നെ പരീക്ഷാ സംവിധാനത്തിലെ പോരായ്മകളും പ്രത്യാഘാതങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നുവെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ യഥാർഥ പേരോ മറ്റു വിവരങ്ങളോ പങ്കുവയ്ക്കാത്ത അരവിന്ദ് ആരാണെന്നുള്ള തിരച്ചിലിൽ ആണ് സോഷ്യൽ മീഡിയ.