vedan-newsong

തന്‍റെ പുതിയ പാട്ട് പുറത്തിറക്കിയാല്‍ അടിക്കുമെന്ന് ചിലര്‍ പറഞ്ഞതായി റാപ്പര്‍ വേടന്‍. ഓണ്‍ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ ഗാനത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വേടന്‍. 

'പത്ത് തല' എന്ന പേരില്‍ തന്‍റെ പുതിയ ഒരു പാട്ട് വരുന്നുണ്ടെന്നും, ആ പാട്ടിറങ്ങിയാല്‍ എന്നെ വെടിവച്ചു കൊല്ലുമോ എന്നുപോലും അറിയില്ലെന്നും വേടന്‍ പറയുന്നു. രാവണനെ കുറിച്ചുള്ള പാട്ട് ശ്രീലങ്കയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയതാണെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

കമ്പരാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പാട്ട് എഴുതിയത്, പാട്ടിലെ നായകന്‍ രാവണനാണ്, ഞങ്ങള്‍ക്ക് രാമനെ അറിയില്ലെന്നും പാട്ടിറങ്ങിയാല്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നുവെന്നും വേടന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. 

ഒരുപാട് റിസർച്ച് ചെയ്‌തു ചെയ്യേണ്ട പാട്ടാണ് 'പത്ത് തല'. അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തിട്ടേ പത്ത് തല ഇറങ്ങൂ. പത്ത് തലയാണ് ഇപ്പോൾ പ്രശ്നമായിക്കൊണ്ടിരിക്കുന്നത്. പാട്ട് ഇറങ്ങിയാൽ എന്നെ അടിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഒക്കെ കണ്ടിരുന്നു എന്നാണ് വേടന്‍ പറഞ്ഞത്. 

രാംലീല മൈതാനത്ത് രാവണ പെരുമ്പാടനെ അമ്പെയ്ത് കത്തിക്കുന്ന ഒരു ചടങ്ങ് നടക്കാറുണ്ടെന്നും അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍, ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

എന്തുകണ്ടാലും തനിക്ക് പ്രതികരിക്കാതെയിരിക്കാനാവില്ല, പാട്ടിലൂടെ ഞാന്‍ അതിനെതിരെ പ്രതികരിക്കും. എന്നെക്കൊണ്ട് പറ്റുന്ന രാഷ്ട്രീയം ഞാന്‍ പാട്ടിലൂടെ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വേടന്‍ പറഞ്ഞു. വേടന്‍റെ വാക്കുകള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

ENGLISH SUMMARY:

Malayalam rapper Vedan has sparked controversy with his upcoming song 'Pathu Thala'. In a recent interview, Vedan revealed the song, inspired by Kambaramayanam and Sri Lankan culture, centers around the character of Ravana as its hero.