vedan-train-death

TOPICS COVERED

റാപ്പർ വേടന്‍റെ സംഗീത പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച ശിവാനന്ദന്‍റെ മാതാപിതാക്കളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൊയ്നാച്ചിയിലെ വീട്ടിലാണ് വേണുഗോപാൽ (50), സ്മിത (40) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. വീട്ടിൽ സ്ഥിരമായി കൂട്ടിനുണ്ടാകാറുള്ള ബന്ധു ഇന്നലെ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വീടിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. ഏക മകന്‍റെ അപ്രതീക്ഷിത വേർപാടിലുണ്ടായ കടുത്ത മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഡിസംബർ 29-നാണ് ഇവരുടെ മകൻ ശിവാനന്ദ് ട്രെയിൻ തട്ടി ദാരുണമായി കൊല്ലപ്പെട്ടത്.

സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. രാത്രി പത്ത് മണിയോടെ പാളത്തിൽ മൃതദേഹം കണ്ട ലോക്കോപൈലറ്റാണ് വിവരം അധികൃതരെ അറിയിച്ചത്. പരിപാടി നടന്ന ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അനധികൃതമായി കടക്കാനുള്ള വഴികളെല്ലാം റെയിൽവേ അധികൃതർ മുൻകൂട്ടി അടച്ചിരുന്നു.

എന്നാൽ, പരിപാടി കാണാൻ പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം എത്തിയതോടെ നിയന്ത്രണങ്ങൾ പാളുകയും തിരക്ക് വർധിക്കുകയും ചെയ്തു. ഗേറ്റുകൾ തകർത്ത് ആളുകൾ അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതും വേടൻ എത്താൻ വൈകിയതിനെത്തുടർന്ന് പരിപാടി നീണ്ടുപോയതും അന്ന് വലിയ ചർച്ചയായിരുന്നു. റെയിൽവേയുടെ വിലക്ക് മറികടന്ന് പാർക്കിലെത്താൻ റെയിൽവേ ട്രാക്ക് വഴി സഞ്ചരിച്ചതാണ് ശിവാനന്ദന്‍റെ ജീവൻ കവർന്ന അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മകന്‍റെ വിയോഗത്തിന് ശേഷം അതീവ ദുഃഖിതരായിരുന്ന മാതാപിതാക്കളുടെ മരണം നാടിനെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ENGLISH SUMMARY:

Following the tragic death of their son, Shivaanand, in a railway accident, his parents were found deceased in their Kasaragod home, reportedly due to immense emotional distress.