സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി. മുട്ട ബിരിയാണിയും പുലാവും മെനുവില്‍ ഉള്‍പ്പെടുത്തി. പാലും മുട്ടയും ആഴ്ചയില്‍ മൂന്ന് ദിവസമായി വര്‍ധിപ്പിച്ചു. മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു. മന്ത്രിയുടെ പ്രഖാപനം വന്ന സമയത്ത് ഡബിള്‍ ഹാപ്പിയിലാണ് ഇടുക്കി നെറ്റിത്തൊഴുവിലെ ടാക്സി ഡ്രൈവര്‍ ബിന്നി ചെറിയാന്‍.
മന്ത്രി പ്രഖ്യാപിക്കും മുന്‍പെ അംഗവാടിയില്‍ ബിരിയാണിക്ക് ചിക്കന്‍ സൗജന്യമായി കൊടുത്തു വരുന്നയാളാണ് ബിന്നി. അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കു എന്ന കുട്ടിയുടെ ആവശ്യം പെട്ടപ്പോള്‍ അതിന്‍റെ കാര്‍ഡ് പോസ്റ്റ് ചെയ്ത മനോരമ ന്യൂസിന്‍റെ വാര്‍ത്തയുടെ താഴെയാണ് ഒരമ്മ തന്‍റെ മോളുടെ പരാതിയുമായി എത്തിയിരുന്നു. ‘എന്‍റെ ദൈവമേ, അങ്കണവാടിയിൽ പോകുന്ന എന്‍റെ മോൾക്കും ഇത് തന്നെ ആണ് പരാതി, പരാതി കേട്ട് മടുത്ത ടീച്ചർ ഇപ്പോൾ റൈസ് നെയ്യും ഒഴിച്ച് ഉണ്ടാക്കി കൊടുക്കും, അതിൽ ചിക്കൻ ഇല്ല എന്നതാണ് അടുത്ത പരാതി’ എന്നായിരുന്നു കമന്‍റ് .
ഇതിന് പിന്നാലെയാണ് ഇടുക്കി നെറ്റിത്തൊഴു സ്വദേശിയായ ടാക്സി ഡ്രൈവര്‍ ബിന്നി ചെറിയാന്‍ ‘അങ്കണവാടിയില്‍ എത്ര കുട്ടികൾ ഉണ്ട് മാസത്തിൽ ഒരു ദിവസം ചിക്കൻ എന്‍റെ വക’ എന്ന് കമന്‍റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ബിന്നി തന്നെ അംഗവാടി കണ്ടുപിടിച്ച് അവിടുത്തെ കുട്ടികള്‍ക്ക് ആവശ്യമുള്ള ചിക്കന്‍ വാങ്ങികൊടുക്കാനുള്ള പണവും അയച്ചു കൊടുക്കുകയും ചെയ്തു. ഇപ്പോഴും ബിന്നി ആ കുട്ടികള്‍ക്ക് ആവശ്യമുള്ള ചിക്കന്‍ വാങ്ങികൊടുക്കാനുള്ള പണം അയക്കുന്നുണ്ട്
ജിവിതത്തില്‍ മറ്റുള്ളവരെ സഹായിക്കുക എന്നതാണ് വലിയ കാര്യമെന്നും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചതില്‍ താന്‍ വലിയ സന്തോഷവാനാണെന്നും ബിന്നി പറഞ്ഞു.