death-teacher

TOPICS COVERED

യാത്രയയപ്പു ചടങ്ങിൽ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയിൽവിളവീട്ടിൽ എസ്. പ്രഫുലൻ  ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30-നാണ് സംഭവം. സ്കൂളിൽനിന്നു വിരമിക്കുന്ന പ്രഫുലനും ഇവിടെനിന്നു മറ്റ്‌ സ്കൂളുകളിലേക്കു സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകർക്കുംവേണ്ടി യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

പ്രഫുലൻ യാത്രയയപ്പു സ്വീകരണത്തിനുശേഷം സഹപ്രവർത്തകരോടു മറുപടിപ്രസംഗം നടത്തി മടങ്ങിയെത്തി കസേരയിൽ ഇരുന്നു. തുടർന്ന് മറ്റൊരധ്യാപകൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ നിശ്ചലമായിരിക്കുന്ന ഇദ്ദേഹത്തെക്കണ്ട് സഹപ്രവർത്തകർ അടുത്തെത്തി കുലുക്കിവിളിക്കുമ്പോഴാണ് അബോധാവസ്ഥയിലാണെന്നു മനസ്സിലാക്കിയത്. ഉടൻതന്നെ പാങ്ങോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഭരതന്നൂർ സ്കൂളിൽ പൊതുദർശനത്തിനുവെച്ചശേഷം നാലുമണിയോടെ ചെമ്പകമംഗലത്തെ വീട്ടിലേക്കു കൊണ്ടുപോയി.

കഥാപ്രസംഗം തുടങ്ങിയ കലകളിലൊക്കെ സജീവ സാന്നിധ്യമായിരുന്ന പ്രഫുലൻ മറുപടിപ്രസംഗത്തിൽ നാലുവരി കവിതകൂടി പാടിയാണ് വേദി ഒഴിഞ്ഞത്. തൊട്ടുമുന്നിൽ യാത്രയയപ്പ്‌ സമ്മേളനത്തിൽ വികാരാധീനനായി സംസാരിച്ച സഹപ്രവർത്തകന്റെ വിയോഗം ഇപ്പോഴും കൂടെയുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ല.

ENGLISH SUMMARY:

In a tragic turn of events, S. Prafulan, a Hindi teacher at Bharathannoor Govt. HSS in Korani Chembakamangalam, Alappuramkunnu Poykayilvilayil Veettil, collapsed and died on stage immediately after delivering his farewell speech. The incident occurred around 11:30 AM on Saturday. The farewell function was organized for Prafulan, who was retiring from the school, and eight other teachers who had received transfers to other schools.