തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു മരിച്ചത്.
വിശ്രമമില്ലാത്ത ഓട്ടപ്പാച്ചിലിന്റെ നാളുകളായിരുന്നു തദ്ദേശതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്ക് ഇന്നലെവരെ. വിശ്രമമില്ലായ്മയെ തുടര്‍ന്ന് പലയിടത്തും സ്ഥാനാര്‍ഥികള്‍ കുഴഞ്ഞുവീഴുന്ന അവസ്ഥയും സൃഷ്ടിച്ചിരുന്നു. ആരോഗ്യം പോലും നോക്കാതെ തുടര്‍ച്ചയായി വോട്ടുതേടി നടന്നതിനു പിന്നാലെയാണ് ഹസീനയ്ക്കും ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞുവീണത്.
പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. അബദുറഹിമാൻ ആണ് ഭർത്താവ്.