റാപ്പർ വേടനെതിരായ പരാമർശത്തിൽ കേസരി പത്രാധിപർ എൻ.ആർ.മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട സ്റ്റേഷനിലെത്തിയ മധുവിന്റെ അറസ്റ്റു രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽവിട്ടു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കൊല്ലം കിഴക്കേ കല്ലട പുതിയിടത്ത് പാർവതി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് വിവാദ പ്രസംഗം. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ ആണെന്നും അതിനു പിന്നിൽ രാജ്യത്തെ വിഘടനവാദികൾ ഉണ്ടെന്നുമായിരുന്നു പ്രസംഗം. വേടന്റെ പാട്ടുകൾ വരുംതലമുറയുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുന്ന കലാഭാസം ആണെന്നും എൻ.ആർ.മധു ആരോപിച്ചിരുന്നു.
അതേ സമയം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുതന്നെ നിൽക്കുന്നെന്ന് എൻ.ആർ.മധു പ്രതികരിച്ചു. വേടൻ എന്ന കലാകാരനെയല്ല, വേടൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് എതിർക്കുന്നത്. പലസ്തീൻ പതാക വച്ച് പാടുന്ന രാഷ്ട്രീയം ഈ രാജ്യത്തിന്റെ ദേശീയ ഐക്യത്തിന് അനുകൂലമാണെന്ന് കരുതുന്നില്ലെന്നും എൻ.ആർ.മധു പറഞ്ഞു