റീലും വിള്ളലും ഒന്നിച്ചു വേണ്ടാ സര്‍ക്കാരെ എന്നാണ് ദേശീയപാത നിർമ്മാണത്തിലെ തകര്‍ച്ച പുറത്ത് വന്നതിന് പിന്നാലെ സൈബറിടം ഒന്നാകെ പറയുന്നത്. ഞാന്‍ ഇനിയും റീല്‍ ഇടുമെന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രിക്ക് ട്രോള്‍ പൂരമാണ്. ഇപ്പോഴിതാ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് വ്ലോഗര്‍ പാണാലി ജുനൈസ്. ദേശീയ പാത തങ്ങളുടേതാണെന്ന് പറഞ്ഞ് റീലും ഫ്ലക്സുമായി നടന്ന പിണറായി വിജയനും പൊതുമരാമത്ത് മന്ത്രിയും ഒന്നും മിണ്ടാതെ കേന്ദ്രത്തെ കുറ്റം പറയുകയാണെന്നും ജനം ടോള്‍കൊടുക്കുന്ന റോഡാണെന്നും പാണാലി ജുനൈസ് പറയുന്നു.
‘വികസന നേട്ടത്തിന്‍റെ കേക്ക് തിന്ന് കഴിഞ്ഞ് ആ തൊള്ള തുറന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടന്ന് റീല്‍ എടുക്കണം, എവിടെയെല്ലാം പൊളിഞ്ഞെന്ന് കാണാം, ജനങ്ങളുടെ ജീവന് ഭീക്ഷണിയാവരുത് വികസനം, എന്‍റെ നാട്ടിലെ ആലുവ അടുപ്പുണ്ടാക്കുന്ന ഗോപ്യേട്ടന്‍ ഈ കല്ലുകൊണ്ട് നല്ല ആലുവ അടുപ്പ് ഉണ്ടാക്കി തരും, മാന്തണ്, മണ്ണിടുന്നു, കെട്ടിപ്പൊക്കുന്നു, പടച്ചോന്‍ നേരത്തെ 2 ജി സ്പീഡിലായിരുന്നു കൊടുത്തോണ്ടിരുന്നത് ഇപ്പോ 5 ജി സ്പീഡിലായി, മിസ്റ്റര്‍ അമ്മായിഅപ്പനും മരുമകനും റീല്‍ വിട്ടോണ്ടിരുന്നോ?; പാണാലി ജുനൈസ് പറയുന്നു.
അതേ സമയം ദേശീയപാത നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമായിരുന്നത് എന്നും നിർമ്മാണം ദേശീയപാത അതോറിറ്റിയും കേന്ദ്രസർക്കാരും ആണെന്നാണ് ഇന്നലെ മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞത്. തിരിച്ചടി മുന്നിൽകണ്ട് മുഖ്യമന്ത്രി പിന്മാറുമ്പോൾ ദേശീയപാത വികസന നേട്ടം സ്വന്തം അക്കൗണ്ടിൽ ആക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ നീക്കങ്ങളും പൊളിയുകയാണ്. വിഴിഞ്ഞത്തിനുശേഷം കേരളത്തിലെ വികസനം ദേശീയപാതയിലൂടെയാണെന്ന് പ്രചാരണമാണ് സിപിഎമ്മും സർക്കാരും നടത്തിയിരുന്നത്. ഇതിനേറ്റ തിരിച്ചടി സർക്കാരിന് വലിയ നാണക്കേടായിരിക്കുകയാണ്.