കല്യാണത്തിന് ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിന് പൊരിഞ്ഞ അടി. കൊല്ലം ഇരവിപുരത്താണ് സംഭവം. ഇരവിപുരം പിണയ്ക്കലിലെ രാജധാനി ഓഡിറ്റോറിയത്തിലാണ് കാറ്ററിങ്ങ് തൊഴിലാളികള്‍ സാലഡിനു വേണ്ടി തമ്മില്‍ തല്ലിയത്. അടിപിടിയില്‍ നാലുപേര്‍ക്ക് തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരുന്നു. ഇവര്‍ പരസ്പരം ബിരിയാണി വിളമ്പിയപ്പോള്‍ ചിലര്‍ക്ക് സാലഡ് കിട്ടാതെ വന്നത് പ്രശ്നമായി. ഇതായിരുന്നു തല്ലിന്‍റെ തുടക്കം. പിന്നാലെ സാലഡ് കിട്ടയവരും കിട്ടാത്തവരും തമ്മില്‍ പൊരിഞ്ഞയടിയായി. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് യുവാക്കള്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായും ഏറ്റുമുട്ടി. ഒടുവില്‍ പൊലീസെത്തിയാണ് അടിപിടി കൂടിയവരെ പിടിച്ചു മാറ്റിയത്. തമ്മില്‍ തല്ലിയവര്‍ രണ്ടു ചേരികളായി പിന്നീട് പരാതിയും നല്‍കി.
സാലഡ് കിട്ടാത്ത കലിക്ക് അടികൂടിയെങ്കിലും സംഭവം വാര്‍ത്തയായതോടെ രണ്ടുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തിയില്ല. പരാതിക്കാര്‍ തന്ന നമ്പറില്‍ പൊലീസ് വിളിച്ചു നോക്കിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്. നാണക്കേടായിപ്പോയെന്നും കേസില്ലെന്നും ഒടുവില്‍ യുവാക്കള്‍ പലരും വഴി പൊലീസിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മേയ് 12 നാണ് പൊറോട്ട കിട്ടാത്തതിന് കൊല്ലത്ത് അടിപൊട്ടിയത്. മങ്ങാട് കണ്ടച്ചിറയിലെ സെന്‍റ് ആന്‍റണീസ് കടയുടമയ്ക്കാണ് അന്ന് മര്‍ദനമേറ്റത്. പത്തു പൊറോട്ടയും ഇറച്ചിയുമാണ് യുവാക്കള്‍ ആവശ്യപ്പെട്ടത്. പൊറോട്ട തീര്‍ന്നെന്ന് പറഞ്ഞതോടെ കടയുടമയെ അടിക്കുകയായിരുന്നു. പ്രതികളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.