kozhikode-fire

TOPICS COVERED

ഞയറാഴ്ചയുടെ തിരക്കുകളില്‍ നീങ്ങുന്ന നഗരത്തിലെ വൈകുന്നേരം. പുതിയ ബസ് സ്റ്റാന്‍ഡും തുണിക്കടകളും, മറുവശത്ത് പ്രധാന റോഡും കടന്നുപോകുന്ന ഇടം. അവിടെയാണ് ഇന്നലെ വൈകീട്ടോടെ പുക ഉയര്‍ന്ന് തീജ്വാലയായി കത്തിപ്പടര്‍ന്നത്. സമയം വൈകീട്ട് 5.05. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന്‍റെ മുകളിലത്തെ നിലയില്‍ പ്രവൃത്തിക്കുന്ന കാലിക്കറ്റ് ഫാഷന്‍ ബസാറില്‍ നിന്ന് സ്ത്രീകളും യുവാക്കളുമടക്കം ഓടിയിറങ്ങുന്നത് കണ്ട വ്യാപാരികള്‍ കാര്യമറിയാതെ അമ്പരന്നു. പിന്നീടാണ് സമീപത്തെ വ്യാപാരികള്‍ക്കും, ചുമട്ടുതൊഴിലാളികള്‍ക്കും, ബസ് ജീവനക്കാര്‍ക്കാര്‍ക്കും സംശയം തോന്നിയത്. ഒപ്പം എയിഡ് പോസ്റ്റിലെ ജീവനക്കാരനും സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി. 

അപ്പോഴേക്കും കെട്ടിടത്തിന്‍റെ ഒരുഭാഗത്തെ പുക തീയായി പുറത്തേക്ക് ആളിക്കത്തി. കാലിക്കറ്റ് ടെക്സ്റ്റയില്‍സിന്‍റെ തുണി ഗോഡൗണ്‍ ആയിരുന്നതിനാല്‍ അതിവേഗം തീ കത്തിക്കയറി. ബസ് സ്റ്റാന്‍ഡിലുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി. യാത്രക്കാരെയും കച്ചവടക്കാരെയും മാറ്റി. ബസുകള്‍ അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല, രാജാജി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി ഒഴിവാക്കി. 

പരിസരത്താകെ കറുത്ത പുക ഇരുണ്ടുകൂടിയതോടെ തുണി കത്തിയ അസഹ്യമായ ദുര്‍ഗന്ധവും വ്യാപിച്ചു.സമയം 5.10 ആകുമ്പോഴേക്ക് അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍ കെട്ടിടത്തിന് ചുറ്റും താല്‍കാലിക നിര്‍മിതി ഉണ്ടായിരുന്നതിനാല്‍ വെള്ളം അകത്തെത്തിയില്ല. അപകട സാധ്യത മുന്‍കൂട്ടി കണ്ട പൊലീസ് കാഴ്ചക്കാരായി നിന്ന ജനങ്ങളെ സ്ഥലത്തു നിന്ന് മാറ്റി. 

ശ്രമങ്ങള്‍ വിഫലമായതോടെ കൂടുതല്‍ യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തേക്കെത്തി. നിമിഷങ്ങള്‍ക്കകം ഷീറ്റുകള്‍ കത്തിയമര്‍ന്നു. ബോര്‍ഡുകള്‍ കത്തി നിലത്തുപതിച്ചു. സമയം 6.50 ആകുമ്പോഴേക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഫയര്‍ എന്‍ജിനെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. ഒന്‍പത് മണി പിന്നിട്ടതോടെ തീയുടെ ശക്തി കുറഞ്ഞു. പത്തരയോടെ തീ നിയന്ത്രണ വിധേയമായി. പത്തുമണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവില്‍ തീ പൂര്‍ണമായി അണച്ചു.

മന്ത്രി എകെ ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ബീനാ ഫിലിപ്പ്, കലക്ടര്‍ സ്നേഹില്‍  കുമാര്‍ സിങ്, ഐജി രാജ്‌പാല്‍ മീണ, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, ജില്ലാ അഗ്നിരക്ഷാ മേധാവി കെ എം അഷറഫലി എന്നിവര്‍ സ്ഥലത്തെത്തി

​​വീഴ്ച?

കോര്‍പറേഷന്‍ ഉടമസ്ഥതതയിലുള്ള കെട്ടിടമാണ് ഇന്നലെ കത്തിയെരിഞ്ഞത്. മൂന്നുവശവും തുറസ്സായ സ്ഥലം. നഗരത്തിലെ പ്രധാന ഇടം. കോര്‍പറേഷന്‍ വാടകയ്ക്ക് കൊടുത്ത കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടത്തിയിട്ടുണ്ടെങ്കില്‍ അത് കോര്‍പറേഷന്‍റെ ഭാഗത്തെ വീഴ്ചയാണ്. അഗ്നിരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ ഈ വീഴ്ചകള്‍ കണ്ടെത്തേണ്ടതാണ്. 

അഗ്നിരക്ഷാ സേനയുടെ ഫോം മെഷീന്‍ അടിച്ചതിനാലാണ് മരുന്ന്ഗോഡൗണിലേക്ക് പടര്‍ന്ന തീ നിയന്ത്രിക്കാനായത്. മരുന്ന് ഗോഡൗണിന്‍റെ ഫൈബര്‍ ഗ്ലാസ് തകര്‍ത്താണ് ഫോം അകത്തേക്ക് അടിച്ചത്. 

​ആശ്വസമായി അവധിദിനം

​ഞയറാഴ്ചയായതിനാല്‍ നഗരം സജീവമായിരുന്നുവെങ്കിലും കടകള്‍ പലതും അടവ്. തുണിഗോഡൗണിലെത്തിയത് കുറച്ച് ജീവനക്കാര്‍ മാത്രം. പുക ഉയര്‍ന്നതും അവര്‍ പുറത്തേക്ക് ഓടി. സമീപത്തെ ഫാഷന്‍ ബസാറിലെ ജീവനക്കാരും ജനങ്ങളും അപകടം മനസിലാക്കി കെട്ടിടത്തില്‍ നിന്ന് പുറത്തേക്കിറങ്ങി. ഉടനടി പൊലീസ് എത്തി റോഡ് ഗതാഗതം ഒഴിവാക്കി. വടംകെട്ടി തിരിച്ച് സ്റ്റാന്‍ഡിലുണ്ടായിരുന്ന ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി. തീപിടുത്തത്തിന് അല്പം മുന്‍പാണ് എംഎസ്എഫിന്‍റെ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ജാഥ കടന്നുപോയത്. അതിന്‍റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചിരുന്നു. ജാഥ പോയി അല്പസമയം കഴിയുമ്പോഴാണ് നഗരത്തെ നടുക്കിയ തീപിടുത്തമുണ്ടാവുന്നത്. 

​ഒരു മാസത്തിനകം മൂന്നാം തീപിടുത്തം

​കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തം നടന്ന് ഒരു മാസം തികയും മുന്‍പാണ് ഇന്നലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം ഉണ്ടാകുന്നത്. രണ്ടാം തീയതിയായിരുന്നു മെഡിക്കല്‍ കോളജിലെ പൊട്ടിത്തെറിയോടുകൂടിയ തീപിടുത്തം. ഉടനടി രോഗികളെ സ്ഥലത്തു നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇന്നലെ പുതിയ സ്റ്റാന്‍ഡില്‍ ഉണ്ടായതും വലിയ ആശങ്കയുണ്ടാക്കുന്ന തീപിടുത്തം തന്നെ.

അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരുടെ സേവനവും പ്രധാനപങ്ക് വഹിച്ചു. നാലാംഗേറ്റിന് സമീപം തേര്‍വീട് റോഡില്‍ ആക്രി സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ചതും ആഴ്ചകള്‍ക്ക് മുന്‍പാണ്. റസിഡന്‍ഷ്യല്‍ കെട്ടിടം ഗോഡൗണാക്കി മാറ്റിയ സ്ഥലത്താണ് അന്ന് തീപിടുത്തമുണ്ടായത്. 

ENGLISH SUMMARY:

In the bustling evening of Sunday in the city, near the new bus stand, textile shops, and the main road, smoke suddenly erupted into flames yesterday around 5:05 PM. At the Calicut Fashion Bazaar, located on the upper floor of the Mofussil bus stand, shopkeepers were surprised as women and men hurriedly ran down the stairs unaware of the cause. Soon, nearby traders, porters, and bus staff sensed something was wrong. Even the staff at the nearby aid post realized the seriousness of the situation.