​സംസ്ഥാനത്ത് ഓണ്‍ലൈന്‍ പണം തട്ടിപ്പ് കേസുകള്‍ കുത്തനെ ഉയരുന്നു. കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ മാത്രം ഈ വര്‍ഷം 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒറ്റക്കേസില്‍ മാത്രം 1.16 കോടി രൂപ തട്ടിയെടുത്ത സംഭവും ഇതില്‍പ്പെടും. കഴിഞ്ഞ വര്‍ഷം കോഴിക്കോട് സിറ്റി പൊലീസ് റജിസ്റ്റര്‍ ചെയ്തത് 103 സൈബര്‍ പണം തട്ടിപ്പ് കേസുകളാണ്. 39.12 കോടി രൂപ നഷ്ടപ്പെട്ടു.

മധ്യവയസ്കരായ പുരുഷന്‍മാരെയാണ് തട്ടിപ്പുസംഘങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ട്രേഡിങ് തട്ടിപ്പിലൂടെ ഒരു കോടി രൂപയോളം നഷ്ടപ്പെട്ടു എന്ന ഉന്നത ഉദ്യോഗസ്ഥന്‍റെ പരാതി സൈബര്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. തട്ടിപ്പുകളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും ഇരകളുടെ എണ്ണം വര്‍ധിക്കുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 

വിശ്വാസ്യത നേടാന്‍ ആധികാരിക വഴികള്‍

ഓഹരി നിക്ഷേപത്തിന്‍റെ പേരിലാണ് സൈബര്‍ തട്ടിപ്പില്‍ ഭൂരിഭാഗവും നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ഓഹരികളില്‍ ചെറിയ തുക നിക്ഷേപിച്ച് വലിയ ലാഭം കൊയ്യാം എന്ന് പ്രലോഭിപ്പിച്ചാണ് തട്ടിപ്പ്. ഒറിജിനലിനെ വെല്ലുന്ന ആധികാരികതയാണ് തട്ടിപ്പ് സംഘത്തിന്‍റെ വജ്രായുധം. വലിയ കമ്പനികളുടെ പേരിലാണ് ഈ സംഘങ്ങള്‍ സമീപിക്കുക.  ആദ്യം വാട്സാപ്പ് അടക്കമുള്ള സാമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ട്രേഡിങ് പഠിപ്പിക്കും. വിവിധ കമ്പനികളെയും നിക്ഷേപിക്കേണ്ട രീതിയും പരിചയപ്പെടുത്തും. ചെറിയ തുക നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കും. 

അതിലൂടെ ചെറിയ ലാഭം തിരികെ നല്‍കും. അങ്ങനെ നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് ആരംഭിക്കുക. പേരെടുത്ത വലിയ കമ്പനികളുടെ ഐപിഒ ( Initial Public Offering) ഉണ്ടെന്നും ഓഹരി വാങ്ങാമെന്നും പറഞ്ഞായിരിക്കും തുടക്കം. വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബയേഴ്സ് (QIB) ആണെന്ന് വിശ്വസിപ്പിക്കും. തട്ടിപ്പ് തിരിച്ചറിയുമ്പോഴേക്കും വലിയ തുക നഷ്ടപ്പെട്ടിട്ടുണ്ടാകും. 

ഹവാല ബന്ധം; ഹോട്ട്സ്പോട്ട് കോഴിക്കോട്

ട്രേഡിങ്ങിന്‍റെ പേരില്‍ തട്ടിയെടുക്കുന്ന പണത്തില്‍ ഏറിയ പങ്കും പോകുന്നത് ഇന്ത്യയിലെ തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പലതും മ്യൂള്‍ അക്കൗണ്ടുകളാണ് (വാടക അക്കൗണ്ടുകള്‍). എങ്ങനെയാണ് അതിലേക്ക് പണം എത്തുന്നതോ എന്നോ ആരാണ് പിന്‍വലിക്കുന്നത് എന്നോ എന്ന് അക്കൗണ്ട് ഉടമകള്‍ക്ക് അറിയില്ല. അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് കംബോഡിയയില്‍ നിന്നും മലേഷ്യയില്‍ നിന്നുമൊക്കെയായിരിക്കും. അതുകൊണ്ടു തന്നെ സൈബര്‍ പൊലീസിന് പ്രതികളിലേക്ക് എത്തുക എളുപ്പമല്ല.

കേരളത്തില്‍ എത്തുന്ന ഹവാല പണത്തില്‍ ട്രേഡിങ് തട്ടിപ്പില്‍ ഉള്‍പ്പെട്ട പണവും ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹവാല ഇടപാടുകാരും സൈബര്‍ തട്ടിപ്പുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മ്യൂള്‍ അക്കൗണ്ടുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം പിന്‍വലിച്ചത് കേരളത്തില്‍ കോഴിക്കോട് ജില്ലയിലാണ്. ഇതേ തോതില്‍ ജില്ലയില്‍ നിന്ന് സൈബര്‍ തട്ടിപ്പുകളും റിപ്പോ‍ര്‍ട്ട് ചെയ്യുന്നുണ്ട്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോ‍ര്‍ട്ടിങ് പോര്‍ട്ടല്‍ കോഴിക്കോടിനെ ഹോട്സ്പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തു.

ENGLISH SUMMARY:

Online financial fraud cases are witnessing a steep rise in Kerala. Within the Kozhikode City Police limits alone, 16 cases have been registered so far this year. One of these cases involved a massive fraud of ₹1.16 crore. In 2024, the Kozhikode City Police registered a total of 103 cyber financial fraud cases, resulting in a total loss of ₹39.12 crore.