സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചെങ്കിലും അതുണ്ടാക്കിയ കുരുക്കില്‍ നിന്ന് പലരും ഇന്നും മോചിതരായിട്ടില്ല . പാതയ്ക്കുവേണ്ടി കല്ലിട്ട സ്ഥലം വില്‍ക്കാനോ , ഈട് വച്ച് വായ്പയെടുക്കാനോ പറ്റാതെ ജീവിതം വഴിമുട്ടിയവര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി സമരം ആരംഭിച്ചത് കോഴിക്കോട്ടെ കാട്ടിലപീടികയിലായിരുന്നു
കാട്ടിലപീടികയിലെ വീടുകള്‍ക്ക് മുമ്പില്‍ ഇപ്പോഴുമുണ്ട് ഇതുപോലെ മങ്ങിയും തെളിഞ്ഞുമുള്ള ബോര്‍ഡുകള്‍. സ്വൈര്യജീവിത്തിന് മേലേ മഞ്ഞക്കുറ്റികള്‍ പതിച്ചപ്പോള്‍ ഇങ്ങനെ പ്രതിരോധിക്കുകയല്ലാതെ ഇവര്‍ക്ക് വേറെ മാര്‍ഗമുണ്ടായിരുന്നില്ല. പെണ്‍മക്കളുടെ കല്യാണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത കടം വീട്ടാനാണ് കാട്ടിലപീടിക സ്വദേശി ശശി വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിച്ചത്. പക്ഷെ നടന്നില്ല.
മൂന്നുബാങ്കുകളിലായി 25 ലക്ഷത്തോളം രൂപ കടമുണ്ട്. ബാങ്ക് നല്‍കിയ ആറുമാസത്തെ സാവകാശവും കഴിയാറായി. പദ്ധതി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചാലെങ്കിലും വീടും സ്ഥലവും വാങ്ങാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ശശിയെപ്പോലെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ ഒട്ടേറെപ്പേരുണ്ട് കാട്ടിലപീടികയില്‍. പദ്ധതിക്കെതിരെ സമരം ചെയ്തതിന്‍റെ പേരിലെടുത്ത കേസുകളും ഇപ്പോഴും നിലനില്‍ക്കുകയാണ്.