തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് മുന്‍ സിപിഎം സ്ഥാനാര്‍ഥി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂന്തുറ വാര്‍ഡിലാണ് 2015ലെ തിരഞ്ഞെടുപ്പില്‍ ബെയിലിന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മല്‍സരിച്ചത്. പക്ഷെ 405 വോട്ടിന് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പൂന്തുറയിലും തീരപ്രദേശത്തും സിപിഎം പ്രവര്‍ത്തകനായിട്ടായിരുന്നു ബെയിലിന്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ മര്‍ദനക്കേസില്‍ പ്രതിയായതോടെ തിരഞ്ഞെടുപ്പ് കാലത്തെ ഫോട്ടോകളും പോസ്റ്ററുകളും കുത്തിപ്പൊക്കി ബെയിലിന്‍റെ രാഷ്ട്രീയബന്ധം പുറത്തുവിടുകയാണ് എതിരാളികള്‍.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക വി.ജെ.ശ്യാമിലിയെയാണ് ബെയിലിന്‍ ദാസ് മുഖത്ത് ക്രൂരമായി അടിച്ചത്. അതിന് പിന്നാലെ ഒളിവില്‍ പോയ ബെയിലിനെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ബെയിലിനെ പിടുകൂടാത്തത് സ്വാധീനം മൂലമെന്ന ആക്ഷേപം ഉയരുമ്പോളാണ് പഴയ സിപിഎം അനുകൂല രാഷ്ട്രീയ ബന്ധവും മറനീക്കി പുറത്തുവരുന്നത്.
സിപിഎം സ്ഥാനാര്‍ഥിയാകുന്നതിന് മുന്‍പ് ബെയിലിന്‍ ആം ആദ്മി പാര്‍ട്ടിയിലായിരുന്നു. അവിടെ നിന്ന് രാജിവെച്ചാണ് സിപിഎമ്മിനൊപ്പം ചേര്‍ന്നതും 2015ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും. എന്നാല്‍ അതിന് ശേഷം സിപിഎമ്മിനോട് തെറ്റി കോണ്‍ഗ്രസിനൊപ്പമായെന്നാണ് പ്രാദേശിക സിപിഎമ്മുകാര്‍ വാദിക്കുന്നത്. എന്നാല്‍ ബെയിലിന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന് കോണ്‍ഗ്രസുകാരും പറയുന്നു.