മലപ്പുറത്തെ ഫുട്ബോള്‍ മത്സരത്തിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെയും ഇന്ത്യയുടെ പ്രത്യാക്രമണത്തെയും വീരമൃത്യു വരിച്ച ധീര ജവാന്മാരെയും കുറിച്ചുള്ള കമന്‍ററി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
യുസിഎഎസ്എല്‍ വെട്ടത്തൂർ സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിനിടെയാണ് രാജ്യസ്നേഹം നിറഞ്ഞു നില്‍ക്കുന്ന കമന്‍ററി അപ്രതീക്ഷിതമായെത്തിയത്. അതോടെ ഗാലറി മൊത്തം നിശബ്ദമായി. എല്ലാവരും വികാര നിര്‍ഭരമായാണ് ആ കമന്‍ററി കേട്ടിരുന്നത്.
മറക്കില്ല പൊറുക്കില്ല ഈ ദുനിയാവിലൊരിക്കലും, ആ കൊടും ക്രൂരതയുടെ ചോരപ്പാടുകള്‍. ഇത് ഇന്ത്യയാണ്. പാപ മോചനം തേടി അയ്യപ്പന്‍റെ തിരുനടയിലേക്ക് മല ചവിട്ടാന്‍ പോയ സുഹൃത്തിന്‍റെ അരവണ കാത്തിരിക്കുന്ന മുസല്‍മാന്‍റെ ഇന്ത്യ. പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന ഹൈന്ദവന്‍റെ ഇന്ത്യ. മഞ്ഞു പെയ്യുന്ന ഡിസംബറിന്‍റെ ക്രിസ്മസ് രാവുകളില്‍, നക്ഷത്രങ്ങള്‍ പൂക്കുന്ന പുല്‍ക്കൂടൊരുക്കുന്ന, ഹൈന്ദവന്‍റെയും മുസല്‍മാന്‍റെയും ഇന്ത്യ. ഈ ഇന്ത്യയുടെ ആത്മാവിനെ മുറിവേല്പിച്ച്, പാക് ഭീകരര്‍ കൊന്നു തള്ളിയ അനേകം അമ്മമാരുടെയും, അനേകം സഹോദരന്മാരുടെയും അനേകം കുഞ്ഞു പൈതലുകളുടെയും, മാതൃരാജ്യത്തിനായി കരള്‍ചോര പകുത്തുനല്‍കിയ വീരമൃത്യു വരിച്ച അനേകം വീര ജവാന്മാരുടെയും ഓര്‍മ്മകളുടെ ഓളങ്ങളിലേക്ക് ഒരായിരം സ്നേഹപ്പൂക്കള്‍ സമര്‍പ്പിച്ചുകൊണ്ട് ഈ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ പോരാട്ടത്തിന്‍റെ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിക്കുന്നു. – ഇങ്ങനെയായിരുന്നു ആ കമന്‍ററി..