തൃശൂരിൽ ടാർപോളിൻ കൂരക്കുള്ളിൽ നിന്നും ഫുൾ എ പ്ലസ് വിജയത്തിളക്കം. തൃശൂർ വടക്കാഞ്ചേരിയിൽ 2018ലെ പ്രളയത്തിൽ വീട് തകർന്ന് നഷ്ടപ്പെട്ടപ്പോൾ പശുക്കളെ വിറ്റ് ആ കാലിത്തൊഴുത്തിൽ ഒരു ചെറിയ കൂരയുണ്ടാക്കി അവിടെ താമസം തുടങ്ങിയ ഒരു കുടുംബമുണ്ട്. ആ കുടുംബത്തിലെ അഭിനവിന് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ്.
രാത്രിയിൽ കെഎസ്ഇബി ലൈറ്റിന്‍റെ വെളിച്ചത്തിൽ ഇരുന്നു പഠിച്ച് ജീവിതത്തിൽ ഉണ്ടായ കഷ്ടപ്പാടുകളെ അവൻ സ്വപ്നം കൊണ്ട് കീഴടക്കി. ടാർപൊളിൻ ഷീറ്റ് കൊണ്ട് മറച്ചു കെട്ടിയ ഒറ്റ മുറി വീട്ടിലാണ് അഭിനവും മുത്തശ്ശനും മുത്തശ്ശിയും അടക്കം ആറംഗ കുടുംബം താമസിക്കുന്നത്. കിടക്കുന്ന റൂമിന്‍റെ തൊട്ടരികിൽ തന്നെയാണ് ആട്ടിൻ കൂടും.വനാതിർത്തിയോട് ചേർന്ന ദുർബലാവസ്ഥയിലായ വീട്ടിലെ ദുരിത ജീവിതത്തിനിടയിലും പഠനരംഗത്ത് ഉന്നത വിജയം നേടുന്നതിനായി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരുന്നു ഈ വിദ്യാർത്ഥി. പിതാവ് രാജീവ് കൂലി പണി ചെയ്താണ് കുടുംബം പുലർത്തുന്നത്.
അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു ഭവനം വേണം എന്നതാണ് ഈ വിദ്യാർഥിയുടെയും കുടുംബത്തിന്‍റേയും ആഗ്രഹം. ബന്ധപ്പെട്ട അധികൃതരോ സുമനസ്സുകളോ മനസ്സുവെച്ചാൽ സുരക്ഷിത ഭവനം എന്ന ഇവരുടെ സ്വപ്നം യാഥാർത്ഥ്യമാകും. സിഎക്കാരൻ ആകണമെന്ന ആഗ്രഹവുമായി തെക്കുംകരയിലെ ടാർപോളിൻ ഷീറ്റിനുള്ളിൽ ഇനി ഉന്നത പഠനത്തിനായി തയ്യാറെടുക്കുകയാണ് അഭിനവ്.