പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ പണവും ഫോണുകളും കവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് എക്സൈസുകാരെ സസ്പെന്‍ഡ് ചെയ്തു. ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഇവര്‍ വിജിലന്‍സിന്‍റെ അന്വേഷണവലയത്തിലായിരുന്നു. ഇവര്‍ക്കൊപ്പം അറസ്റ്റിലായവരില്‍ കൊലപാതകവും ലഹരിക്കടത്തും അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടയുമുണ്ട്. പ്രതികളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ എസ് സിദ്ധാര്‍ഥ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ച്ച അര്‍ധരാത്രിയാണ് വാഴക്കുളം പോസ്റ്റ് ഒാഫിസ് ജംക്ഷനിലെ അതിഥി തൊഴിലാളി ക്യാംപില്‍ പൊലീസുകാരെന്ന വ്യാജേന പരിശോധനയ്ക്ക് എത്തുകയും 56,000 രൂപയും 20,000 രൂപ വില വരുന്ന നാല് മൊബൈല്‍ ഫോണുകളും കവര്‍ന്നത്.
തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതായും പറയുന്നു. അസം സ്വദേശി ജോഹിറുള്‍ ഇസ്‍ലാമിന്‍റെ പരാതിയില്‍ തടിയിട്ടപറമ്പ് പൊലീസ് ഇവരെ ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്തു. രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തി. ഡ്യൂട്ടി സമയത്തെ പ്രവര്‍ത്തിയുടെ പേരില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്ത അപൂര്‍വം സംഭവങ്ങളിലൊന്നാണ് ഇത്. അറസ്റ്റിലായ എക്സൈസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്‍റെ അന്വേഷണ വലയത്തിലായിരുന്നു. സ്വയം വിരമിക്കലിന് നീക്കം നടത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ എക്സൈസുകാര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.