സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ നിറഞ്ഞുനില്‍ക്കുകയാണ് പെരിന്തല്‍മണ്ണ സി.ഐ സുമേഷ് സുധാകരന്‍. വിദ്യാര്‍ഥികളെ നോക്കി കൊഞ്ഞനം കുത്തുന്ന വിഡിയോ ആണ് സുമേഷിനെ എയറിലാക്കിയത്. പെരിന്തല്‍മണ്ണയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനം പൊലീസ് അലങ്കോലപ്പെടുത്തിയെന്നും സമ്മേളന വേദിയിൽ നിന്ന് മടങ്ങുംവഴി പൊലീസുകാരൻ വിദ്യാർഥികൾക്ക് നേരെ ഗോഷ്ടി കാണിച്ചെന്നുമാണ് ആരോപണം. ലഹരിക്കെതിരായ സമ്മേളനത്തില്‍ പൊലീസ് ഇടപെട്ട് ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ആരോപിച്ചിരുന്നു.
സംഭവം ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ സിഐ സുമേഷ് വൈറലായി. സുമേഷ് ചിരിക്കുന്ന ഇമോജി പലരൂപത്തിലാക്കിയാണ് പ്രചരിക്കുന്നത്. ചിലര്‍ സംഘിപട്ടവും ചാര്‍ത്തി. ഇതിനിടെയാണ് സിഐയെ അനുകൂലിച്ചുള്ള കുറിപ്പ് വൈറലാകുന്നത്. അയാള്‍ ഒരു മനുഷ്യനാണെന്നും ഇത്തരമൊരു വിഡിയോയുടെ പേരില്‍ വര്‍ഗീയ പട്ടം ചാര്‍ത്തി അധിക്ഷേപിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
‘ചിരിയാണ് പ്രശ്നം എങ്കിൽ ചിരിച്ചത് മറച്ചു വെച്ചല്ല, ക്യാമറയ്ക്ക് മുന്നിലാണ്. പ്രിയപ്പെട്ട പൊലീസുകാരാ, ഇനി നീ ഒരിക്കലും ചിരിക്കാൻ പാടില്ല, സങ്കടം വന്നാൽ കരയാനും പാടില്ല, കാരണം നീ ഒരു പൊലീസുകാരനാണ്’ – സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു. നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന്‍റെ പേരിലാണ് പൊലീസ് ഉദ്യോഗസ്ഥനെ വര്‍ഗീയവാദി ആക്കാന്‍ ശ്രമിക്കുന്നത്. കൃത്യസമയത്ത് പ്രോഗ്രം അവസാനിപ്പിക്കണമെന്ന് നേരത്തേ നിര്‍ദേശിച്ചിരുന്നതും അക്കാര്യം വീണ്ടും വിളിച്ച് സംഘാടകരെ ഓര്‍മിപ്പിച്ചതുമാണ് എന്നും കുറിപ്പിലുണ്ട്.
കുറിപ്പ്
പ്രിയപ്പെട്ട പൊലീസുകാരാ...
ഇനി മുതൽ നീ ഒരിക്കലും ചിരിക്കാൻ പാടില്ല...
സങ്കടം വന്നാൽ കരയാനും പാടില്ല...
കാരണം നീ ഒരു പൊലീസുകാരനാണ്...
ഇന്നാട്ടിലെ മനുഷ്യാവകാശങ്ങളൊന്നും നിനക്ക് കിട്ടില്ല.... കാരണം നീയൊരു പോലീസുകാരനാണ്...
പത്ത് പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തിനിടയിൽ നിന്നോട് ഒരാൾ, ചിരിക്കെടോ, എന്ന് ഉറക്കെ ആക്രോശിച്ചാലും ശരി,
ഇനി മേലിൽ നീ ചിരിച്ചു പോവരുത്...
കാരണം നീ ഒരു പോലീസുകാരനാണ്....