‘ശരിക്കും ഞങ്ങള്‍ ഞെട്ടി.., ഈ താത്തയാണോ ഈ മയക്കുമരുന്ന് കച്ചവടം നടത്തുന്നത്?, കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്ന് 66 ഗ്രാം ഹെറോയിനുമായി സ്ത്രീയെ പിടികൂടിയപ്പോള്‍ നാട്ടുകാരുടെ ചോദ്യമായിരുന്നു ഇത്. പലചരക്ക് വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുകയായിരുന്ന കാരോത്തുകുടി വീട്ടിൽ സലീന അലിയാർ ആണ് പിടിയിലായത്.
കുന്നത്തുനാട് എക്സൈസും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നു നടത്തിയ പരിശോധനയിൽ 9.33 ലക്ഷം രൂപയും നോട്ടെണ്ണുന്ന യന്ത്രവും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഹെറോയിൻ വിൽപ്പന നടത്തി കിട്ടിയതാണ് പണമെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവരുടെ വീട്ടിൽവെച്ച് ചെറുഡപ്പികളിൽ ഹെറോയിൻ നിറയ്ക്കുന്ന സമയത്തായിരുന്നു പരിശോധന. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാർ മുഖേന അസമിൽ നിന്നാണ് മയക്കുമരുന്നെത്തിക്കുന്നത്.
നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്നും കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസ്, പെരുമ്പാവൂർ റെയ്ഞ്ച്, മാമല റെയ്ഞ്ച് എന്നിവിടങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ചേർന്നായിരുന്നു പരിശോധന.