drug-king-killed-attack

കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് രാജാവ് നെമെസിയോ ‘എൽ മെൻചോ’ ഒസെഗുവേര കൊല്ലപ്പെട്ടു. ഞായറാഴ്ച ജാലിസ്കോ സംസ്ഥാനത്തെ തപൽപയിൽ മെക്സിക്കൻ സൈന്യം നടത്തിയ അതിശക്തമായ റെയ്ഡിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ തലവനായ എൽ മെൻചോയ്ക്ക് അന്ത്യം സംഭവിച്ചത്. 

സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ 59 കാരനായ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സ്ഥിരീകരിച്ചത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 15 മില്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ ഈ സൈനിക നീക്കത്തിൽ ആറ് കാർട്ടൽ അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.

ഭീകരനായ മയക്കുമരുന്ന് തലവന്റെ വധത്തിന് പിന്നാലെ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര യുദ്ധത്തിന് സമാനമായ അക്രമങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ഒസെഗുവേരയുടെ അനുയായികൾ പടിഞ്ഞാറൻ ജാലിസ്കോയിലെ ഇരുപതോളം പ്രധാന റോഡുകൾ ഉപരോധിക്കുകയും ട്രക്കുകളും കാറുകളും ഗ്യാസ് സ്റ്റേഷനുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. അക്രമം അയൽ സംസ്ഥാനങ്ങളായ മൈക്കോവാക്കനിലേക്കും റിസോർട്ട് നഗരമായ പ്യൂർട്ടോ വല്ലാർട്ടയിലേക്കും പടർന്നതോടെ മെക്സിക്കോ കടുത്ത സുരക്ഷാ ഭീഷണിയിലാണ്. 

ജനങ്ങൾ ശാന്തത പാലിക്കണമെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അഭ്യർഥിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകേണ്ട ജാലിസ്കോയിൽ പൊതു പരിപാടികളും സ്കൂളുകളുടെ പ്രവര്‍ത്തനവും താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.

അമേരിക്കയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിൽ പ്രധാനിയായ എൽ മെൻചോയുടെ അന്ത്യം മയക്കുമരുന്ന് വ്യാപാരത്തിനെതിരെയുള്ള പോരാട്ടത്തിലെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ ക്രിമിനൽ സംഘങ്ങളിലൊന്നായ ജാലിസ്കോ കാർട്ടലിനെ ഒരു തീവ്രവാദ സംഘടനയായാണ് അമേരിക്ക കണക്കാക്കുന്നത്. മെക്സിക്കോയിൽ നിന്നുള്ള മയക്കുമരുന്ന് ഒഴുക്ക് തടയാൻ ഡൊണാൾഡ് ട്രംപ് നൽകിയ ശക്തമായ സമ്മർദ്ദത്തിന് പിന്നാലെയാണ് ഈ സൈനിക നടപടി എന്നതും ശ്രദ്ധേയമാണ്. നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച് തങ്ങളുടെ പൗരന്മാർക്ക് അമേരിക്കയും കാനഡയും യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി വിമാന സർവീസുകളും റദ്ദാക്കി.

ENGLISH SUMMARY:

Notorious Mexican drug lord Nemesio "El Mencho" Oseguera, leader of the Jalisco New Generation Cartel, has been killed in a military raid. His death has sparked widespread violence and road blocks across Mexico, leading to international travel warnings.