ലഹരിവിരുദ്ധ പോരാട്ടത്തിലേക്ക് സൈക്കിളുമായി ഇറങ്ങിയിരിക്കുകയാണ് 12 വീട്ടമ്മമാർ. കൊച്ചി മുതൽ തിരുവനന്തപുരം വരെയാണ് ലഹരിവിരുദ്ധ സന്ദേശവുമായി വീട്ടമ്മമാരുടെ സൈക്കിൾ യാത്ര. ചരിത്രത്തിലേക്ക് സൈക്കിൾ ചവിട്ടുകയാണിവർ, ലക്ഷ്യം മറ്റൊന്നുമല്ല.
സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെ ഇല്ലാതാക്കുക. ലഹരിവ്യാപനത്തിനെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്തുക. 47 നും 60 നും ഇടയിൽ പ്രായമുള്ള സാധാരണക്കാരായ 12 വീട്ടമ്മമാരാണ് ഈ ലക്ഷ്യം ഏറ്റെടുത്തത്. സൈക്കിൾ യാത്ര ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു.
230 കിലോമീറ്റർ പിന്നിടുന്ന യാത്ര നവംബർ 8ന് തിരുവനന്തപുരം മാനവീയം വീഥിയിൽ അവസാനിക്കും. ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം, ഷീ സൈക്ലിങുമായി ചേർന്നാണ് യാത്ര സംഘടിപ്പിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി അമ്പതിലേറെ വനിതകൾ പങ്കെടുത്ത ഫാൻസി വിമൻ സൈക്കിൾ റാലി ഇന്നലെ ഫോർട്ട്കൊച്ചിയിൽ സംഘടിപ്പിച്ചിരുന്നു.