ബീഹാറിൽ നിന്ന് കേരളത്തിലെത്തി മലയാളിയായി മാറിയ ഒരു പെൺകുട്ടിയുണ്ട് കൊച്ചി മുപ്പത്തടത്ത്. 22 കാരി ദരക്ഷ. റോഷിനി പദ്ധതി പ്രകാരം അതിഥി തൊഴിലാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുകയാണവൾ. കേരളത്തിലെ തന്റെ അനുഭവങ്ങൾ പറഞ്ഞ് ദരക്ഷ കൂട്ടുകാരിക്ക് എഴുതിയ കത്ത് ഈ വർഷത്തെ ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ ഇനി കുട്ടികൾ പഠിക്കും.
ബീഹാറിലെ ധരംഗ ജില്ലയിലെ അതിദരിദ്ര ഗ്രാമത്തിൽ നിന്ന് കേരളത്തിലേക്ക് കൂടിയേറിയ പത്തു വയസ്സുകാരി പെൺകുട്ടി. അവൾ കൂട്ടുകാരിക്ക് എഴുതിയ കത്ത് തുടങ്ങുന്നതിങ്ങനെ. കേരളത്തിലെ തന്റെ ജീവിതവും അനുഭവം പറയുന്ന ആ വരികൾ ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലാണ് അച്ചടിച്ച് വരിക.
ദരക്ഷയുടെ അച്ഛൻ മുഹമ്മദ് അമീർ 25 വർഷങ്ങൾക്കു മുൻപാണ് കേരളത്തിലേക്ക് തൊഴിൽ തേടിയെത്തിയത്. കൊച്ചിയിലെ സ്വകാര്യ ചെരുപ്പ് കമ്പനിയിൽ തൊഴിലാളിയാണ്. പിന്നീട് ഉമ്മയ്ക്കും രണ്ട് സഹോദരന്മാർക്കും ഒപ്പം ജീവിതം കരുപിടിപ്പിക്കാൻ ദരക്ഷയും കേരളത്തിലേക്ക് വണ്ടി കയറി.
ബിനാനിപുരം ഗവൺമെന്റ് ഹൈസ്കൂളിൽ റോഷിനി പദ്ധതി പ്രകാരമാണ് ദരക്ഷ മലയാളം പഠിച്ചത്. അന്നം തന്ന നാട്ടിൽ നിലനിൽക്കുന്നതിനായി അതിഥി തൊഴിലാളികളുടെ കുട്ടികളെ കഴിഞ്ഞ രണ്ടു വർഷമായി മലയാളം പഠിപ്പിക്കുകയാണ്.
ദരക്ഷയ്ക്കിന്നെല്ലാം ഇവിടമാണ്. വാടക വീട്ടിൽ നിന്ന് മാറി ഈ മണ്ണിൽ തന്നെ ഒരു കൊച്ചുവീട് സ്വന്തമായി പണിയണം. ഇനിയും പഠിക്കണം പഠിപ്പിക്കണം.
വേനലവധിക്ക് സ്കൂൾ അടച്ചെങ്കിലും ദരക്ഷയുടെ മനസ്സ് ക്ലാസ്സ് മുറിയിലാണ്. ആറാം ക്ലാസിലെ പുസ്തകം അച്ചടിച്ചെത്തുമ്പോൾ തന്റെ കഥ കുട്ടികളെ പഠിപ്പിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദരക്ഷ.