75ആം വയസില്‍ 35കാരനായ മകന് ചോറ് വാരിക്കൊടുക്കുമ്പോള്‍ സുകുമാരന്‍റെ മനസില്‍ നിറയുന്നത് മാതൃത്വമാണ്. പരസഹായം കൂടാതെ ഒന്നനങ്ങാന്‍ പോലും കഴിയാത്ത മകന്‍ ഷിജിലിന് ഇന്ന് താങ്ങും തണലും ഈ അച്ഛനാണ്. അമ്മ അഞ്ച് വര്‍ഷം മുന്‍പ് മരിച്ചതോടെയാണ് ഷിജിലിന്‍റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായത്. അതോടെ പന്തീരങ്കാവ് സ്വദേശിയായ സുകുമാരന്‍ ഇലട്രിഷ്യന്‍ ജോലി നിര്‍ത്തി മകന് കൂട്ടിരിക്കാന്‍ തുടങ്ങി. കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയും മോശമായി. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമായി ആകെയുള്ള ആശ്വാസം.
ഷിജിലിന് ഇന്ന് അമ്മയും അച്ഛനുമെല്ലാം സുകുമാരനാണ്. ഏഴാം ക്ലാസ് വരെ ഷിജിലിനെ സ്കൂളില്‍ കൊണ്ടുപോയിരുന്നത് അമ്മയാണ്. വര്‍ഷങ്ങളോളം ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല 75 ശതമാനം വൈകല്യമാണുള്ളത്. സ്വന്തമായി വീല്‍ചെയറുണ്ടെങ്കിലും പുറത്തേക്ക് ഇറക്കാന്‍ കഴിയില്ല. സമീപത്തെ റോഡ് തകര്‍ന്ന അവസ്ഥയിലായതാണ് കാരണം. ഇടയ്ക്ക് പ്ലാസ്റ്റിക് പൂക്കള്‍ നിര്‍മിക്കാന്‍ പഠിച്ചു. പിന്നീട് അതിലായി പരീക്ഷണം. എന്നാല്‍ അനുബന്ധ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലതായതോടെ അതും പാതിവഴിയില്‍ മനസില്ലാതെ ഉപേക്ഷിക്കേണ്ടിവന്നു. ഇന്ന് മൊബൈല്‍ ഫോണും ടിവിയുമാണ് ഷിജിലിന്‍റെ മറ്റ് സുഹൃത്തുക്കള്‍.
ഒളവണ്ണ പഞ്ചായത്തിലെ മണക്കടവില്‍ കുന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം കോഴിപ്പുറത്ത് വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. സുകുമാരനെ ഇപ്പോള്‍ വാര്‍ധക്യം ശാരീരികമായി മാത്രമല്ല മാനസികമായും തളര്‍ത്തുന്നുണ്ട്. തനിക്കുശേഷം മകനെ ആരുനോക്കുമെന്ന ആശങ്കയാണ് പിതാവിന്‍റെ മനസില്‍.