AI GENERATED IMAGE

നാല് മാസം മുൻപാണ് കൊല്ലംകാരിയായ അശ്വതിയും തൃശൂർ സ്വദേശിയായ ജിഷയും വീട്ടു ജോലിക്കായി കുവൈറ്റിലെത്തി​യത്. നാട്ടിലെ കടങ്ങള്‍ തീര്‍ക്കണം, അല്പം കൂടി മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുണ്ടാവണം തുടങ്ങി കുറേയധികം സ്വപ്നങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കുവൈറ്റില്‍ അവരെ കാത്തിരുന്നത് ജീവിതത്തിലെ തന്നെ ഏറ്റവും ഭീകരമായ ദിനങ്ങളായിരുന്നു. അത് ഓര്‍ത്തെടുക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല ഇപ്പോഴവര്‍.   

കുവൈറ്റില്‍   കടുത്ത പട്ടിണിയും തൊഴിൽ പീഡനവും മാനസിക സമ്മർദ്ദവും അനുഭവിച്ച മലയാളി യുവതികളെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിന്‍റെ ഫലമായാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്.

കുവൈറ്റിലെത്തിയത് മുതല്‍ ഇടവേടകളില്ലാത്ത ജോലി  ചെയ്യേണ്ടി വന്നുവെന്നും, വിശപ്പടക്കാന്‍  ഭക്ഷണം   ലഭിച്ചിരുന്നില്ലെന്നും യുവതികള്‍ പറയുന്നു. ഇവര്‍ക്ക് രണ്ട് അറബി വീടുകളിലായായിരുന്നു ജോലി. പീഡനവും വിശപ്പും സഹിക്ക വയ്യാതെ ഇവർ അവിടെ നിന്ന്  ഓടി രക്ഷപ്പെട്ടു, ശേഷം പ്രതീക്ഷയോടെ ഏജന്‍റിന്‍റെ മുന്നി​ല്‍ അഭയം തേടി. എന്നാൽ ഏജന്‍റ് അറബികളേക്കാല്‍ ദുഷ്ടനായിരുന്നു. അയാള്‍ യുവതികളെ രണ്ട് മുറികളിലായി പൂട്ടിയിട്ടു. അതോടെ ഇവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും കഴിയാതെയായി.  ആഹാരവും നൽകിയി​ല്ല. 

പിന്നീട് അശ്വതിയുടെ ഭർത്താവ് സേതു ഏജന്‍റിനെ ഫോണ്‍ വിളിച്ച് ഭാര്യയെ വിളിച്ചിട്ട് കിട്ടാത്തതെന്താണെന്ന് തിരക്കി. അശ്വതി ജോലി കളഞ്ഞ് വന്നു നില്‍പ്പുണ്ടെന്നും, മര്യാദയ്ക്ക് രണ്ട് ലക്ഷം രൂപ നൽകിയാലേ കയറ്റി വിടൂ എന്നും ഏജന്‍റ് അറിയിച്ചു.  പൊലീസില്‍ പരാതി നൽകിയാല്‍, അശ്വതിയെ ജയിലിലാക്കുമെന്നും ഭീഷണി മുഴക്കി. ഭയപ്പെട്ടുപോയ അശ്വതിയുടെ ഭര്‍ത്താവ്  നിയമനടപടികളിൽ നിന്ന് പിന്മാറി​. 

അശ്വതിയുടെ സുഹൃത്ത് വഴി പീഡന വിവരം അറിഞ്ഞ കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴി കുവൈറ്റിലെ ഏജൻസിയെ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. ശേഷം അവിടുത്തെ ഒരു മനുഷ്യാവകാശ പ്രവർത്തകയുടെ ശ്രമഫലമായി ഇരുവരെയും ഏജന്‍റിന്‍റെ പിടിയില്‍  നിന്നു രക്ഷപ്പെടുത്തി ഇന്ത്യൻ എംബസിയിൽ എത്തിച്ചു. പീഡന വിവരം അറിഞ്ഞ കൊടിക്കുന്നിൽ സുരേഷ്  എം.പി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടാണ് യുവതികളെ നാട്ടിലെത്തിച്ചത്. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ കുവൈറ്റ് പൊലീസ്, ഏജന്‍റിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 

ENGLISH SUMMARY:

Labor harassment in Kuwait; Malayali youths return to Kerala