ബിഎ ആളൂര്‍ എന്ന പേര് കേട്ടാലറിയാത്ത മലയാളികൾ ഇന്ന് ചുരുക്കമാണ്.
കേരളത്തെ പിടിച്ചുലച്ച കേസുകളില്‍ പലതിലും പ്രതിഭാഗത്തിന്‍റെ ശബ്ദമായതോടെയാണ് ആളുര്‍ ശ്രദ്ധേയനായത്. ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂരിനെ മലയാളികൾ ആദ്യമായി ശ്രദ്ധിക്കുന്നത് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയപ്പോഴാണ്.
കേരളത്തെ നടുക്കിയ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയോട് മലയാളികൾക്ക് അടക്കാനാവാത്ത ദേഷ്യമുണ്ട് . അയാളുടെ ക്രൂരതകൾ ഒന്നൊന്നായി പുറത്തു വന്നപ്പോള്‍ ആ ദേഷ്യം ഇരട്ടിച്ചു.. അയാൾക്ക് വധശിക്ഷയിൽ കുറഞ്ഞത് ഒന്നും കിട്ടല്ലേയെന്ന് പ്രാർഥിച്ചു. ഗോവിന്ദച്ചാമിയേപ്പോലൊരാള്‍ക്ക് കോടതിയില്‍ നിയമസഹായവുമായി ആരും എത്തില്ലെന്ന പൊതുവിശ്വാസത്തെ തകര്‍ത്താണ് ആളൂര്‍ എത്തുന്നത് .
എത്ര കടുത്ത കുറ്റം ചെയ്താലും നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ പ്രതിക്ക് കിട്ടണമെന്ന് പ്രഖ്യാപിച്ചായിരുന്നു ആളുരിന്‍റെ വരവ്. അതോടെ ഗോവിന്ദചാമിയോടുള്ള വെറുപ്പിന്‍റെ പങ്ക് ആളൂരിനും കിട്ടി. അവിടുന്നങ്ങോട്ട് കേരളം നടുങ്ങിയ കേസുകളില്‍ കൊടുംക്രിമിനലുകളുടെ ഭാഗത്ത് വക്കീലായി ആളുരിന്‍റെ പേരും കേട്ടുതുടങ്ങി.
ഗോവിന്ദച്ചാമിക്കായി ഹാജരാകുന്ന വക്കീൽ എന്ന നിലയിൽ, കേരളത്തിലെ മാധ്യമങ്ങളില്‍ ആളൂരിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്. എന്നാൽ സിറ്റിങ്ങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഇദ്ദേഹം, എങ്ങനെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായെത്തിപ്പെട്ടു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.
വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്ക് തിരിച്ചടി കിട്ടിയപ്പോൾ, അത് ആളൂരിനേറ്റ കനത്ത പ്രഹരം എന്ന നിലയിൽ തന്നെയാണ് ചിത്രീകരിക്കപ്പെട്ടത്. ആളൂരിനെ കണക്കിന് കളിയാക്കാനും, സൈബർ അറ്റാക്ക് നടത്താനും ആളുകള്‍ സോഷ്യൽ മീഡിയയിൽ മത്സരിച്ചു. ആളൂരിന്‍റെ കക്ഷികൾക്ക് കോടതിയിൽ നിന്ന് ലഭിക്കുന്ന തിരിച്ചടികളെല്ലാം ആഘോഷിക്കപ്പെട്ടു.
തൃശൂര്‍ എരുമെപ്പട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ . തൃശൂര്‍ സെന്റ് തോമസ് കോളജിലായിരുന്നു പ്രീഡിഗ്രി . ആളൂരിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ് കേരളത്തില്‍ നിന്ന് പൂണെയിലേക്ക് പോയതാണ്. പൂണെയിൽ നിന്നാണ് നിയമബിരുദം കരസ്ഥമാക്കുന്നതും. അവിടന്നങ്ങോട്ട് ഏതാണ്ട് ഒരു ദശാബ്ദത്തോളും പൂണെയില്‍ തന്നെ തുടർന്നു.
ക്രിമിനല്‍ കേസുകളോട് തന്നെയായിരുന്നു ആളൂരിന് എന്നും പ്രിയം. ആളൂര്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്യുന്നത് 1999ലാണ്. കേരളത്തിലെ വിവിധ കോടതികളില്‍ നാല് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തു. അന്നും ക്രിമിനല്‍ കേസുകളിലായിരുന്നു ആളൂരിന്‍റെ സാന്നിധ്യം. 4 വർഷം പ്രാക്ടീസ് ചെയ്ത ശേഷം വീണ്ടും അദ്ദേഹം പൂണെയിലെത്തി. അവിടെ പല കേസുകളിലും അദ്ദേഹം വിജയിച്ചു. ചിലതില്‍ പരാജയപ്പെട്ടു.
ഗോവിന്ദച്ചാമിക്ക് പുറമേ, കൂടത്തായി ജോളിക്കായും, അമീറുൽ ഇസ്ലാമിനായും ആളൂർ കോടതിയിൽ ഹാജരായി. ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകൻ ആളൂര്‍ തന്നെയായിരുന്നു. കുപ്രസിദ്ധമായ ക്രിമിനൽ കേസുകളിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുകയെന്നത് ആളൂരിന് ഒരു ഹരമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൻ്റെ തുടക്കത്തിൽ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി ആളൂർ കോടതിയിൽ ഹാജരായിരുന്നു.
'പോയി കൊന്നിട്ട് വാ.. ഞാൻ നിന്നെ രക്ഷിക്കാം എന്ന് പറയുന്ന ഒരു വക്കീലല്ല ഞാൻ.. ഏതെങ്കിലും കേസിൽ പ്രതിയായിപ്പോയ ശേഷം, എന്നെ സമീപിക്കുന്നവർക്ക് വേണ്ടി മാത്രമാണ് ഞാൻ കോടതിയിലെത്താറ്' - ഈ വാക്കുകൾ ആളൂരിന്റേതാണ്... എന്റെയടുത്ത് വരുന്ന ഒരു കക്ഷി, ആ കക്ഷിക്ക് നീതി കിട്ടാനായി അവരുടെ കുടുംബം തന്നെ എതിര് നിന്നാലും ഞാൻ രംഗത്തിരങ്ങുമെന്നും അദ്ദേഹം പലവട്ടം പറഞ്ഞു...
രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു . കഴിഞ്ഞ ദിവസം രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം